September 13, 2026

കനത്ത മഴയിൽ മുങ്ങി ദേവികുളം താലൂക്ക്. അടിമാലിയിൽ കടകളിൽ വെള്ളം കയറി; കല്ലാർകൂട്ടി, വെള്ളത്തൂവൽ, അടിമാലി എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ.

IMG-20260808-WA0105

അടിമാലി : ദേവികുളം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് പെയ്‌ത ശക്തമായ മഴയിൽ വ്യാപക നാശനഷ്‌ടം. അടിമാലിയിൽ ഓടകൾ കവിഞ്ഞൊഴുകി ഇരുപതിലേറെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. അടിമാലി_ കുമളി ദേശീയപാതയിൽ കല്ലാർകുട്ടിക്കും കത്തിപ്പാറയ്ക്കും ഇടയിൽ മണ്ണും മരവും വീണ് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അടിമാലിയിൽ ഫെഡറൽ ബാങ്ക് ജംഗഷനു സമീപവും ലൈബ്രറി റോഡിലുമാണ് കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടായത്. ചാറ്റുപാറ സബ് സ്റ്റേഷൻ പടിയിലും റോഡിൽ വെള്ളക്കെട്ടുണ്ടായി. ഫെഡറൽ ബാങ്ക് പരിസരത്ത് മഴ പെയ്ത‌ാൽ വെള്ളം കയറുന്നത് പതിവാണെന്നും പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി. തുടർന്ന് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വെളളത്തൂവലിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. നീരൊഴുക്ക് ശക്തമായതോടെ കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂന്നാർ, മാങ്കുളം, ബൈസൺവാലി മേഖലകളിലും മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും അനിഷ്ട‌ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തതിട്ടില്ല. മലയോര മേഖലകളിൽ രാത്രികാല യാത്ര ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ-പ്രാദേശിക ഭരണകൂടങ്ങൾ നിർദ്ദേശം നൽകി.

error: Content is protected !!