September 13, 2026

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; 56 ദിവസത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കൃഷിജലം

IMG-20260808-WA0098

കുമളി: കൃഷി ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിട്ടു. പെൻസ്റ്റോക്ക് പൈപ്പിലേക്കുള്ള ഷട്ടറുകൾ തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉയർത്തി. വൈകിയെത്തിയ കാലവർഷത്തെ തുടർന്ന് ജലനിരപ്പ് ഉയരാൻ വൈകിയതിനാൽ, സാധാരണ സമയത്തേക്കാൾ 56 ദിവസം പിന്നിട്ടാണ് ഇത്തവണ തമിഴ്നാട് കൃഷിക്കായി മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടത്.

സാധാരണയായി ജൂൺ ആദ്യവാരത്തിൽ ഒന്നാംഘട്ട കൃഷിക്കായി വെള്ളം കൊണ്ടുപോകേണ്ടതായിരുന്നു. എന്നാൽ മഴയുടെ അഭാവത്തെ തുടർന്ന് ജൂൺ മാസത്തിൽ അണക്കെട്ടിലെ ജലനിരപ്പ് 110 അടിക്ക് താഴെയായിരുന്നു. ഇതോടെ തമിഴ്നാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിലായി.

ഓഗസ്റ്റ് ആദ്യവാരത്തോടെ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 121.75 അടിയിലെത്തി. ഇതിന് പിന്നാലെയാണ് കൃഷി ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടാൻ തമിഴ്നാട് ഭരണകൂടം തീരുമാനിച്ചത്.

പ്രത്യേക പൂജകൾക്ക് ശേഷമാണ് പെൻസ്റ്റോക്ക് പൈപ്പിലേക്കുള്ള ഷട്ടർ ഉയർത്തിയത്. തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ തേനി എം.പി. തങ്ക തമിഴ് സെൽവൻ, കമ്പം എം.എൽ.എ. ജഗന്നാഥ മിശ്ര തുടങ്ങിയവർ പങ്കെടുത്തു.

തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട നെൽക്കൃഷിക്കാണ് പ്രധാനമായും വെള്ളം ഉപയോഗിക്കുക. സെക്കൻഡിൽ 200 ഘനയടി എന്ന തോതിൽ 120 ദിവസത്തേക്കാണ് കൃഷിക്കായി വെള്ളം തുറന്നുവിടുന്നത്. ഇതോടൊപ്പം മധുര കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള ആവശ്യങ്ങൾക്കായി സെക്കൻഡിൽ 150 ഘനയടി വെള്ളവും കൊണ്ടുപോകും.

മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലാണ് പ്രധാനമായും കൃഷി നടത്തുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 118 അടി പിന്നിട്ടാൽ മാത്രമാണ് തമിഴ്നാടിന് കൃഷിക്കായി വെള്ളം കൊണ്ടുപോകാൻ സാധിക്കുക.

ജൂൺ മാസത്തിൽ ജലനിരപ്പ് 110 അടിക്ക് താഴെയായിരുന്നത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ കാലവർഷം ശക്തമായതോടെ ജലനിരപ്പ് ഉയർന്നത് തമിഴ്നാട്ടിലെ കർഷകർക്ക് വലിയ ആശ്വാസമായി.

error: Content is protected !!