September 11, 2026

വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് ഉപയോഗിച്ച് അഞ്ച് കിലോ ഏലക്ക കവർന്ന ബൈക്കിൽ കടന്നുകളഞ്ഞ രണ്ട് പ്രതികളെ മിനിറ്റുകൾക്കകം പിന്തുടർന്ന് പിടികൂടി പോലീസ്.

IMG-20260911-WA0012

കുമളി:വണ്ടിപ്പെരിയാർ മുബാറക്ക് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പൈസസ് കടയിൽ നിന്നും ഏലക്ക വാങ്ങിയ ശേഷമാണ് വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് പ്രതികൾ മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനും ആറിനും ഇടയിലാണ് സംഭവം. വണ്ടിപ്പെരിയാറിലെ പ്രമുഖ സ്പെസസ് കടയിൽ ഉപഭോക്താക്കളായി എത്തിയ പ്രതികൾ അഞ്ച് കിലോ ഏലക്ക വാങ്ങി പണം നൽകാതെ സാധനവുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് തിരച്ചിൽ ആരംഭിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം മാരിയപ്പൻ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കകം തന്നെ പ്രതികൾ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വരുന്നത് കണ്ടു. തുടർന്ന് സ്വന്തം വാഹനം തിരിച്ച് അദ്ദേഹം പ്രതികളെ പിന്തുടർന്നു. തേക്കടി ഭാഗത്ത് വാഹനം നിർത്തി കവർന്ന ഏലക്ക വിൽക്കാൻ ശ്രമിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ മാരിയപ്പൻ പ്രതികളെ തന്ത്രപരമായി നിരീക്ഷിക്കുകയും കുമളി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കുമളി എസ്. ഐ സലിം രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മാരിയപ്പന്റെ സഹായത്തോടെ രണ്ട് പ്രതികളെയും കസ്റ്റടിയിലെടുത്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഹീം, ആബിദ് മൂസ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ പ്രതികളെയും തൊണ്ടിമുതലായ ഏലക്കയും പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി വണ്ടിപ്പെരിയാർ പോലീസിന് കൈമാറി. ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് പ്രതികളെ ഉടനടി വലയിലാക്കാൻ സഹായിച്ചത്.

error: Content is protected !!