September 11, 2026

കുമളിയിൽ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം

IMG-20260910-WA0019

53 ലക്ഷം രൂപയുടെ പദ്ധതിയുമായി പഞ്ചായത്ത്; 25 എച്ച്.പി. ഫ്ലോട്ടിങ് മോട്ടോർ സിസ്റ്റം മൂന്ന് മാസത്തിനകം

കുമളി: വേനൽച്ചൂട് കടുക്കുന്നതോടെ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരവുമായി കുമളി പഞ്ചായത്ത്. ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴുന്നതുമൂലം ഉണ്ടാകുന്ന പമ്പിങ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 25 എച്ച്.പി. ശേഷിയുള്ള ഫ്ലോട്ടിങ് മോട്ടോർ സിസ്റ്റം സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 53 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതി വാട്ടർ അതോറിറ്റിയുടെ സഹകരണത്തോടെ മൂന്ന് മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ ആദ്യമായാണ് പഞ്ചായത്ത് തലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

വേനൽക്കാലത്ത് തേക്കടി തടാകത്തിലെ ജലനിരപ്പ് താഴുന്നതോടെ സാധാരണ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നു. തടാകത്തിന്റെ അടിത്തട്ടിലെ ചെളിയും എക്കലും മോട്ടോറുകളിൽ കയറി തകരാറുകൾ ഉണ്ടാകുന്നതും, ജലനിരപ്പ് താഴുമ്പോൾ മോട്ടോർ വായു വലിച്ച് പമ്പിങ് തടസ്സപ്പെടുന്നതും പതിവായിരുന്നു. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം ദിവസങ്ങളോളം മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. കാലപ്പഴക്കം ചെന്ന മോട്ടോറുകളുടെ അടിക്കടിയുള്ള തകരാറുകളും പ്രതിസന്ധി രൂക്ഷമാക്കി.

ഈ പ്രശ്നങ്ങൾക്കുള്ള സ്ഥിരം പരിഹാരമെന്ന നിലയിലാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നതെന്ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് പറഞ്ഞു.

നിലവിൽ കുമളി പഞ്ചായത്തിലെ 5,977 കണക്ഷനുകളിലേക്കും സമീപത്തെ ചക്കുപള്ളം പഞ്ചായത്തിലെ 1,131 കണക്ഷനുകളിലേക്കും തേക്കടിയിലെ ജലസ്രോതസ്സിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. തേക്കടിയിൽ നിന്ന് 25 എച്ച്.പി. മോട്ടോർ ഉപയോഗിച്ച് പ്രതിദിനം 4.74 ലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. തുടർന്ന് പമ്പിങ് സ്റ്റേഷനിലെ 135 എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടൊപ്പം മൂന്ന് ബൂസ്റ്റർ സ്റ്റേഷനുകളുടെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കാനാണ് പഞ്ചായത്തിന്റെ നീക്കം.

എന്താണ് ഫ്ലോട്ടിങ് മോട്ടോർ സിസ്റ്റം?

തടാകത്തിലെ ജലനിരപ്പിനനുസരിച്ച് വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ഫ്ലോട്ടിങ് മോട്ടോർ സിസ്റ്റം. ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനനുസരിച്ച് മോട്ടോർ സംവിധാനവും സ്വയം ഉയരുകയും താഴുകയും ചെയ്യും. ഇതുവഴി ജലനിരപ്പിലെ വ്യതിയാനങ്ങൾക്കിടയിലും തടസ്സമില്ലാത്ത പമ്പിങ് ഉറപ്പാക്കാൻ കഴിയും.

തടാകത്തിന്റെ അടിത്തട്ടിലെ ചെളിയും എക്കലും ഉപരിതലത്തിലെ മാലിന്യങ്ങളും മോട്ടോറിലേക്ക് കയറുന്നത് ഒഴിവാക്കി, ഉപരിതലത്തിന് തൊട്ടുതാഴെയുള്ള തെളിഞ്ഞ വെള്ളം മാത്രം പമ്പ് ചെയ്യാൻ സംവിധാനത്തിന് കഴിയും. ഇതുവഴി മോട്ടോറിന്റെ തകരാറുകളും അറ്റകുറ്റപ്പണികളും കുറയ്ക്കാനും സാധിക്കും.

മോട്ടോർ സ്ഥാപിക്കുന്നതിനായി സ്ഥിരമായ കോൺക്രീറ്റ് തറയോ മറ്റ് നിർമാണങ്ങളോ ആവശ്യമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ സംവിധാനം എളുപ്പത്തിൽ സ്ഥാപിക്കാനും ആവശ്യാനുസരണം മറ്റൊരു ജലസ്രോതസ്സിലേക്ക് മാറ്റിസ്ഥാപിക്കാനും കഴിയും.

പദ്ധതി പൂർത്തിയാകുന്നതോടെ വേനൽക്കാലത്തും കുമളിയിലും പരിസര പ്രദേശങ്ങളിലും തടസ്സമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും.

error: Content is protected !!