ശബരിമല തീർത്ഥാടനം: കമ്പംമെട്ട് പാതയിൽ സുരക്ഷാ പരിശോധന നടത്തി
കുമളി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പംമെട്ട് മലയോര പാതയിൽ സംയുക്ത പരിശോധന നടത്തി. കമ്പം എം.എൽ.എ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത സംഘം പത്ത് കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്.
ഹൈവേ, റവന്യൂ, വനം, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നുമായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഈ പാതയിലൂടെ ശബരിമലയിലേക്ക് യാത്ര ചെയ്യുന്നത്. ഗതാഗതത്തിരക്ക് വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി എം.എൽ.എ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേർത്തു.
റോഡരികിലെ കാടുകളും കുറ്റിക്കാടുകളും അടിയന്തരമായി വെട്ടിമാറ്റാനും അപകടകരമായ വളവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകി. രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോഡരികിലും അപകടസാധ്യതയുള്ള മേഖലകളിലും ദൂരത്തുനിന്ന് വ്യക്തമായി കാണാവുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
മലയോര പാതകളിൽ വാഹനങ്ങൾ മിതമായ വേഗത്തിൽ ഓടിക്കുക, അപകടകരമായ വളവുകളിൽ ഓവർടേക്കിങ് ഒഴിവാക്കുക, ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഡ്രൈവർമാർക്കിടയിൽ ബോധവൽക്കരണം ശക്തമാക്കും.
അയ്യപ്പഭക്തരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.
ഹൈവേ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ വെങ്കിടേശൻ, കമ്പം നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വെങ്കിടാചലം, റവന്യൂ വകുപ്പ് ഇൻസ്പെക്ടർ രവീന്ദ്രൻ, ഫോറസ്റ്റ് വാർഡൻ ദീനദയലൻ, തമിഴ്നാട് വെട്രി കഴകം ഭാരവാഹികൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
