September 12, 2026

കുമളിയിൽ 597 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിസ്ഥാപനത്തിന് 50,000 രൂപ പിഴ;

IMG-20260909-WA0052

കുമളി: വിനോദസഞ്ചാര കേന്ദ്രമായ കുമളിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി അധികൃതർ. ജില്ലാതല സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുമളിയിലെ എ.ബി. സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് 597 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യന്റെ നേതൃത്വത്തിലുള്ള ജില്ലാതല സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. ജില്ലാ കലക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും തുടർനടപടികളും.

പിടികൂടിയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അധികൃതർ കസ്റ്റഡിയിലെടുത്തതിനു പുറമെ സ്ഥാപനത്തിന് 50,000 രൂപ പിഴയും ചുമത്തി. സ്ഥാപനത്തിന്റെ ലൈസൻസ് സംബന്ധിച്ച രേഖകളും പ്രവർത്തനാനുമതികളും പരിശോധിച്ചുവരികയാണെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വിനോദസഞ്ചാരികളുടെ വലിയ തിരക്കുള്ള കുമളിയെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ പഞ്ചായത്ത് തലത്തിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്നതും നിലവാരമില്ലാത്തതുമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും നിയന്ത്രിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനം.

നിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി മാലിന്യസംസ്കരണ പ്ലാന്റുകളിൽ എത്തുന്നത് പഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും അധികൃതർ വ്യക്തമാക്കി. ഇത്തരം മാലിന്യങ്ങളുടെ സംസ്കരണത്തിനായി ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്തിന് അധികമായി ചെലവഴിക്കേണ്ടിവരുന്നത്.

പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്കരണവും പരിശോധനയും തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. അശോക് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കും.

error: Content is protected !!