വയോധികയുടെ അഞ്ചരപ്പവൻ മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ
ചക്കുപള്ളം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽനിന്നും അഞ്ചരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോൻ (39) ആണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യ ജിബിയയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കുപള്ളം അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ വീട്ടിൽ ഇന്നലെ പകൽ എത്തിയ മനു കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും മേരിക്കുട്ടി നൽകിയ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ചക്കുപള്ളം മേഖലയിൽ ഏലക്കയും പണവും മോഷ്ടിച്ച കേസുകളിലും മനു നേരത്തെ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മോഷണം പോയ സ്വർണമാല ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ തെരച്ചിൽ നടത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
