October 27, 2026

കുമളിയിൽ നടപ്പാതകൾ കൈയേറി അനധികൃത പാർക്കിങ്ങും വഴിയോരക്കച്ചവടവും; കാൽനടയാത്രക്കാർ ദുരിതത്തിൽ

IMG-20261028-WA0002

അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്ക് അനക്കമില്ലെന്ന് നാട്ടുകാർ

കുമളി: നടപ്പാതകളും റോഡരികുകളും കൈയേറിയുള്ള വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും വഴിയോരക്കച്ചവടവും കുമളി മേഖലയിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് അധികൃതർക്കെതിരായ പ്രധാന ആരോപണം.

കുമളി ടൗൺ മുതൽ ചെളിമട, ഒന്നാംമൈൽ മേഖലകൾ വരെയുള്ള നടപ്പാതകളിലും റോഡരികുകളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും വഴിയോരക്കച്ചവടം വ്യാപകമാകുന്നതും പതിവ് കാഴ്ചയാണ്. ഇതോടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

അപകടങ്ങൾ തുടർക്കഥയാകുന്നു

കഴിഞ്ഞ ഒരു മാസത്തിനിടെ റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനങ്ങളിടിച്ച് അഞ്ചിലധികം പേർക്ക് അപകടം സംഭവിച്ചതായാണ് വിവരം. പലർക്കും ഗുരുതരമായ പരിക്കുകൾ സംഭവിക്കാത്തതിനാൽ പോലീസ് പരാതി നൽകുന്നതും കുറവാണ്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച കുമളി ഹോളിഡേ ഹോമിനും യൂണിയൻ ബാങ്കിനും ഇടയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചത് ആശങ്ക വർധിപ്പിച്ചു. അണക്കര കണ്ണംകര സ്വദേശി ലിസി തോമസ് (52) ആണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

റോഡരികുകളിലെ അനധികൃത പാർക്കിങ് കാൽനടയാത്രക്കാരെ റോഡിലേക്ക് ഇറങ്ങി നടക്കാൻ നിർബന്ധിതരാക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. പോലീസും മോട്ടോർ വാഹനവകുപ്പും അനധികൃത പാർക്കിങ്ങിനെതിരെ ഇടയ്ക്കിടെ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ പരിശോധനകളില്ലാത്തതാണ് ഇത്തരം നിയമലംഘനങ്ങൾ വ്യാപകമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അതേസമയം, വഴിയോരക്കച്ചവടങ്ങൾക്കെതിരെ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ചെറിയ ഇടവേളകൾക്കുശേഷം അതേ സ്ഥലങ്ങളിൽ വീണ്ടും കച്ചവടം ആരംഭിക്കുന്നതും പതിവായിരിക്കുകയാണ്.

ഇവിടെ എന്തുമാകാമോ?

കുമളി ചെളിമട, ഹോളിഡേ ഹോം പരിസരം, തേക്കടി കവല, വണ്ടൻമേട് ജങ്ഷൻ, ഒന്നാംമൈൽ ടൗൺ തുടങ്ങിയ പ്രധാന മേഖലകളിൽ കാൽനടയാത്രക്കാർക്ക് റോഡരികിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്തവിധമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വലിയ വാടക നൽകി കടകൾ നടത്തുന്ന വ്യാപാരികൾക്കും കടകൾക്കു മുന്നിലെ അനധികൃത പാർക്കിങ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. നടപ്പാതകൾ കാൽനടയാത്രക്കാർക്ക് തടസ്സമില്ലാതെ ഉപയോഗിക്കാനാകുന്ന വിധത്തിൽ ക്രമീകരിക്കണമെന്നും അനധികൃത പാർക്കിങ്ങിനും വഴിയോരക്കച്ചവടത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

You may have missed

error: Content is protected !!