ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ഹരിപ്പാട്: ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ ദേശീയപാതകളുടെ വീതി 45 മീറ്റർ മാത്രമായതിനാൽ ഉത്തരവ് നടപ്പായാൽ ഹൈവേയോരത്തെ നിർമാണങ്ങൾക്ക് വലിയ നിയന്ത്രണം നേരിടേണ്ടിവരും. കേരളത്തിൽ നിലവിൽ ദേശീയപാതയിൽനിന്ന് ഏഴ് മീറ്റർ മാറിയാണ് നിർമാണാനുമതി നൽകുന്നത്. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ദേശീയപാത അതോറിറ്റിയിൽനിന്ന് ആക്സസ് പെർമിറ്റും ആവശ്യമാണ്.എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ പരിധിക്കുള്ളിൽ വീടുകൾ നിർമിക്കാൻ അനുമതി നൽകാൻ കഴിയില്ല. കച്ചവടസ്ഥാപനങ്ങൾക്ക് 75 മീറ്റർ പരിധിയാണ് ബാധകമാകുക. പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനും ഈ നിയന്ത്രണം ബാധകമാകും. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ദേശീയപാതയുടെ വീതി 60 മീറ്ററാണ്. അവിടെ റോഡിന്റെ മധ്യഭാഗത്തുനിന്ന് വശങ്ങളിലേക്ക് 30 മീറ്റർ വരെയുണ്ടാകും. സുപ്രീംകോടതി നിർദേശപ്രകാരം 40 മീറ്റർ പരിധി കണക്കാക്കുമ്പോൾ റോഡിന്റെ പുറത്ത് 10 മീറ്റർ കൂടി മാത്രമാണ് അധികമായി വേണ്ടിവരുന്നത്. എന്നാൽ കേരളത്തിൽ ദേശീയപാതയുടെ വീതി 45 മീറ്റർ മാത്രമാണ്. റോഡിന്റെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 22.5 മീറ്റർ മാത്രമാണുള്ളത്. അതിനാൽ കോടതി നിർദേശപ്രകാരം വീടിന് ദേശീയപാതയുടെ അരികിൽനിന്ന് 17.5 മീറ്റർ കൂടി മാറേണ്ടിവരും. കച്ചവടസ്ഥാപനങ്ങൾക്ക് 52.5 മീറ്റർ അധികദൂരം ആവശ്യമായി വരും.ഇടക്കാല ഉത്തരവ് പൂർണമായി നടപ്പായാൽ കേരളത്തിലെ ദേശീയപാതയോരത്തെ പുതിയ നിർമാണങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. 2025 നവംബർ രണ്ടിന് രാജസ്ഥാനിലെ ഫലോദി ജില്ലയിൽ എക്സ്പ്രസ് പാതയിലുണ്ടായ അപകടത്തിൽ 12 പേരും അടുത്ത ദിവസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുണ്ടായ അപകടത്തിൽ 19 പേരും മരിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഎച്ച്എഐ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ചയും അധികൃതരുടെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കോടതി വിലയിരുത്തി. രാജ്യത്തെ ആകെ റോഡുകളുടെ രണ്ട് ശതമാനം മാത്രമാണ് ദേശീയപാതകൾ. എന്നാൽ റോഡപകട മരണങ്ങളിൽ 33 ശതമാനവും ദേശീയപാതകളിലാണ് സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
