അമരാവതി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു സന്തോഷ് പണിക്കർ തുടർച്ചയായി 21-ാം വർഷവും പ്രസിഡന്റ്; ഗിരീഷ് കുമാർ സെക്രട്ടറിയായി
കുമളി: ഇടുക്കി ജില്ലയിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നായ കുമളി അമരാവതി നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. നിലവിലെ ഭരണസമിതി പ്രസിഡന്റ് സന്തോഷ് പണിക്കരുടെ നേതൃത്വത്തിലുള്ള 11 അംഗ ഭരണസമിതിയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
തുടർച്ചയായി കഴിഞ്ഞ 21 വർഷവും ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന സന്തോഷ് പണിക്കർ ഇക്കുറിയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രത്തിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്കും വിവിധ വികസന പദ്ധതികൾക്കും നേതൃത്വം നൽകുന്നതിൽ ദീർഘകാലമായി സജീവമായ ഇടപെടലാണ് സന്തോഷ് പണിക്കർ നടത്തിവരുന്നത്.
ഗിരീഷ് കുമാർ ചക്കാലമുറിയിൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 15 വർഷമായി ക്ഷേത്ര ഭരണസമിതിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന ഗിരീഷ് കുമാർ വീണ്ടും അതേ ചുമതലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഭരണസമിതിയുടെ പ്രവർത്തനങ്ങളിലെ തുടർച്ചയ്ക്ക് കരുത്തേകുന്നതാണ്.
ഷാജി വാളിപ്ലാക്കൽ, KV സന്തോഷ് കുമാർ, അഭിജിത്ത് കെ ഡി , സന്തോഷ് രാമശ്ശേരിയിൽ, അഭിജിത്ത് ജീമോൻ, അശോകൻ മാഞ്ചിറയ്ക്കൽ, ബിനീഷ് കുറുമ്പിൽ,സന്തോഷ് വെമ്പള്ളിയിൽ,തിരുപ്പതി രാജ, തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് കമ്മറ്റി അംഗങ്ങൾ
ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും പുതിയ ഭരണസമിതി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അമരാവതി മേഖലയിലെ വിശ്വാസികളുടെ പ്രധാന ആരാധനാകേന്ദ്രമായ നൂലാംപാറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വർഷംതോറും നിരവധി ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരാനും ഭക്തജനക്ഷേമത്തിനും ക്ഷേത്രവികസനത്തിനുമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കാനും ലക്ഷ്യമിടുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.
