September 12, 2026

പീരുമേട് യൂണിയൻ ശ്രീനാരായണ ധർമ്മവിചാര യജ്ഞം മെയ് 22ന് കുമളിയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ പരിപാടി ഉദ്ഘാടനം ചെയ്യും

എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശ്രീനാരായണ ധർമ്മവിചാര യജ്ഞം’ മെയ് 22 വെള്ളിയാഴ്ച കുമളി ഹോളിഡേ ഹോമിൽ പ്രത്യേകം സജ്ജമാക്കിയ ഗുരുസന്നിധിയിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വൈകുന്നേരം നടക്കുന്ന യജ്ഞസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും ജനഹൃദയങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ആത്മീയതയും ധാർമ്മികബോധവും സമൂഹത്തിൽ ശക്തിപ്പെടുത്തുന്ന തരത്തിൽ വിവിധ ചടങ്ങുകളും പ്രഭാഷണങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാവിലെ 7 മണിക്ക് യജ്ഞവേദിയിൽ മീനാക്ഷി ഗോപി വൈദ്യർ ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഗുരുപൂജ, മഹാശാന്തി ഹവനം, വിളക്കുപൂജ എന്നിവ നടക്കും. രാവിലെ 9.30ന് ശിവഗിരി മഠത്തിലെ ശ്രീമത് ഗുരുപ്രകാശം സ്വാമികൾ ‘ധർമ്മപ്രബോധനം’ നടത്തും. ഗുരുദേവന്റെ സന്ദേശങ്ങളുടെ കാലികപ്രസക്തിയും സാമൂഹികപ്രാധാന്യവും പ്രഭാഷണത്തിൽ വിശദീകരിക്കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി.കെ. രാജൻ, സെക്രട്ടറി കെ.പി. ബിനു, കുമളി ശാഖ പ്രസിഡന്റ് എം.ഡി. പുഷ്കരൻ, യൂണിയൻ ഭാരവാഹികളായ എം.ജി. സലികുമാർ, പി.എസ്. ചന്ദ്രൻ, കെ.ആർ. സദൻരാജൻ, കെ. ഗോപി, സിന്ധു വിനോദ്, കെ.ആർ. വിശ്വനാഥൻ, പി.വി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!