കുമളിയിൽ ഹർത്താൽ പൂർണം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
കുമളി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ കുമളി, ചക്കുപള്ളം, അണക്കര, വണ്ടൻമേട് മേഖലകളിൽ ഏറെക്കുറെ പൂർണമായിരുന്നു. ഹർത്താലിനെത്തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതോടെ വ്യാപാരമേഖലയെയും ടൂറിസം മേഖലയെയും സാരമായി ബാധിച്ചു. അപൂർവം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആർടിസി ബസുകൾ പരിമിതമായ തോതിൽ സർവീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ ഓടിയില്ല. മെഡിക്കൽ ഷോപ്പുകൾ തുറന്നുപ്രവർത്തിച്ചെങ്കിലും ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നു.
ഹർത്താൽ ടൂറിസം മേഖലയെയും ബാധിച്ചെങ്കിലും തേക്കടിയിൽ വിനോദസഞ്ചാരികൾക്കായുള്ള ബോട്ട് സർവീസുകൾ മുടക്കമില്ലാതെ നടന്നു.
അതിനിടെ, കുമളി ടൗണിൽ ഹർത്താലിനിടെ സമരാനുകൂലികൾ കാർ തടഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. വർക്കല സ്വദേശികൾ സഞ്ചരിച്ച കാർ ക്ഷേത്രത്തിന് സമീപം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. ഇതിനിടെ കാർ മുന്നോട്ടെടുത്തപ്പോൾ കുമളി ഒട്ടകത്തലമേട് സ്വദേശി രാജീവിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. സംഘർഷത്തിനിടെ കാറിന്റെ ചില്ലും അടിച്ചുതകർത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.
