കുമളിയിൽ കായിക ആവേശത്തിന് തുടക്കമാകുന്നു; പീരുമേട് ഉപജില്ലാ സ്കൂൾ കായികമേള 7 മുതൽ
കുമളിയിൽ കായിക ആവേശത്തിന് തുടക്കമാകുന്നു.
2026–27 അധ്യയന വർഷത്തെ പീരുമേട് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 7ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി കുമളി ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ മൈതാനത്ത് നടക്കുന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 1500 വിദ്യാർത്ഥികൾ പങ്കെടുക്കും. മേളയുടെ മുന്നോടിയായി നാളെ വൈകിട്ട് കുമളിയിൽ ദീപശിഖാ പ്രയാണവും നടക്കും.
2026–27 അധ്യയന വർഷത്തെ പീരുമേട് ഉപജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 7, 8, 9 തീയതികളിൽ കുമളി ഗവ. വി.എച്ച്.എസ്.എസ് സ്കൂൾ മൈതാനത്ത് നടക്കും. പീരുമേട് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം 1500 വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കും.
മേളയുടെ മുന്നോടിയായുള്ള ദീപശിഖാ പ്രയാണം ഒക്ടോബർ 6-ന് വൈകിട്ട് 3.30ന് കുമളി ഒന്നാം മൈലിൽ അമരാവതി സ്കൂളിൽ നിന്ന് ആരംഭിച്ച് ജി.വി.എച്ച്.എസ്.എസ് സ്കൂൾ മൈതാനത്ത് സമാപിക്കും.
കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 8ന് രാവിലെ പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവഹിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.
കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്പോൺസർമാരുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
കുമളിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം ആൻസി ജയിംസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദ് ഷകീല, വാർഡ് മെമ്പർ ലീന മനോജ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി.എൻ. ബോസ് ഹൈദ്രോസ് മീരൻ, പി.ടി.എ പ്രസിഡന്റ് റൈമോൻ ലോബോ, പി.ടി.എ വൈസ് പ്രസിഡന്റ് തോമസ് ചെറിയാൻ, ഹെഡ്മാസ്റ്റർ ടി. ശിവകുമാർ എന്നിവർ പങ്കെടുത്തു.
