September 11, 2026

ഹരിത ഓണം 2026: കുമളിയിൽ പാഴ്വസ്തുക്കളിൽ തീർത്ത കൂറ്റൻ പൂക്കളം

IMG-20260823-WA0142

കുമളി: സംസ്ഥാന സർക്കാരിന്റെ ‘ഹരിത ഓണം 2026’ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മസേനാംഗങ്ങൾക്കായി സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിൽ കുമളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ ശ്രദ്ധേയമായ കൂറ്റൻ പൂക്കളം ഒരുക്കി.

പൂക്കൾ ഉപയോഗിക്കാതെയാണ് അജൈവ പാഴ്വസ്തുക്കളും റീസൈക്കിൾ ചെയ്ത വസ്തുക്കളും ഉപയോഗിച്ച് വ്യത്യസ്ത വർണങ്ങളിലുള്ള മനോഹരമായ പൂക്കളം ഒരുക്കിയത്. ‘മാവേലി വൃത്തിയുടെ ചക്രവർത്തി’, ‘ഈ ഓണം ഹരിത ഓണം’ തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു പൂക്കളത്തിന്റെ രൂപകൽപ്പന.

ജില്ലാ ശുചിത്വമിഷന്റെ നിർദ്ദേശപ്രകാരം ഒരുക്കിയ പൂക്കളം പൊതുജനങ്ങൾക്ക് കാണുന്നതിനായി കുമളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സജ്ജീകരിച്ചത്. പൂക്കളം കാണാൻ നിരവധി പേരാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. ‘ടീം കുമളി’ എന്ന പേരിലാണ് ഹരിത കർമ്മസേനാംഗങ്ങൾ പൂക്കളം ഒരുക്കിയത്.

ഗ്രാമപഞ്ചായത്തിലെ 26 ഹരിത കർമ്മസേനാംഗങ്ങളും തങ്ങളുടെ കലാവാസനയും പ്രാവീണ്യവും പ്രകടമാക്കിയാണ് പൂക്കളം ഒരുക്കിയത്. മാലിന്യങ്ങളെ പുനരുപയോഗിച്ച് മനോഹരമായ കലാസൃഷ്ടിയാക്കാമെന്ന സന്ദേശവും പൂക്കളത്തിലൂടെ അവർ മുന്നോട്ടുവച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസിന്റെയും പഞ്ചായത്ത് സെക്രട്ടറി കെ. അശോക് കുമാറിന്റെയും മേൽനോട്ടത്തിലായിരുന്നു പൂക്കളം ഒരുക്കിയത്. ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി സുബി സെബാസ്റ്റ്യൻ നേതൃത്വം നൽകി.

error: Content is protected !!