പൊതുനിരത്തിൽ മാലിന്യം: പിഴ ചുമത്തി പഞ്ചായത്ത് നടപടി
കുമളി: പൊതുനിരത്തിൽ മാലിന്യം ചാക്കിലാക്കി വലിച്ചെറിയുകയും മലിനജലം ഒഴുക്കുകയും ചെയ്ത സംഭവങ്ങളിൽ രണ്ടുപേർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി കുമളി പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നീതുമോൾ ടി., ആശാരിപ്പറമ്പിൽ, മോനിപ്പള്ളി പാലാ, കാസാബെല്ലാ, തേക്കടി സ്ഥാപനത്തിന്റെ മാനേജർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചു. ഇരുവർക്കും 50,000 രൂപ വീതം പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പൊതുനിരത്തിൽ നിക്ഷേപിച്ച മാലിന്യത്തിൽനിന്ന് ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു നിയമലംഘനം കണ്ടെത്തിയത്. മറ്റൊരു സംഭവത്തിൽ സ്ഥാപനത്തിൽനിന്ന് പൈപ്പ് വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കിയതായും കണ്ടെത്തി.
പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
