September 12, 2026

കുമളിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് പരിക്ക്; കെഎസ്ഇബി ക്കെതിരെ ആക്ഷേപം

കുമളി: കൊട്ടാരക്കര–ഡിണ്ടിക്കൽ ദേശീയപാതയിലെ കുമളി ടൗൺ തേക്കടി കവലക്കും കുളത്തുപ്പാലത്തിനും ഇടയിലാണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം.
കൊല്ലംപട്ടട വെള്ളാപ്പള്ളിൽ മഹേഷ് കുമാർ പി.ജി. (45) എന്ന മധുവിനാണ് ഷോക്കേറ്റത്.
പരിക്കേറ്റ മധുവിനെ ഉടൻ തന്നെ കുമളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് വിവരം ഉടൻ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഏകദേശം ഒരു മണിക്കൂർ വൈകിയെന്ന ആക്ഷേപം നാട്ടുകാരും ദൃക്സാക്ഷികളും ഉയർത്തുന്നുണ്ട്. തിരക്കേറിയ ദേശീയപാതയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പി ഏറെ നേരം അപകടഭീഷണി ഉയർത്തിയതായും പ്രദേശവാസികൾ ആരോപിക്കുന്നു.
സംഭവത്തിൽ കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതിസുരക്ഷാ നടപടികളും അടിയന്തര പ്രതികരണ സംവിധാനവും ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

error: Content is protected !!