September 13, 2026

യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ചിന്നക്കനാൽ നേതാജി കോളനിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടുമല ഡിവിഷൻ നേതാജി കോളനി സ്വദേശിയായ രാജു മുരുകനെയാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ കൗസല്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.
ജനുവരി 27നാണ് കൗസല്യയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിവാഹിതരായി മൂന്ന് വർഷം കഴിഞ്ഞ ദമ്പതികളാണ് രാജുവും കൗസല്യയും. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഭർത്താവിന്റെ ശാരീരികവും മാനസികവുമായി ഉണ്ടായിരുന്ന നിരന്തര പീഡനങ്ങളാണ് കൗസല്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ശാരീരിക പീഡനത്തിന്റെ സൂചനകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ബന്ധുക്കളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി രാജു മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് മൂന്നാർ ഡിവൈഎസ്‌പി ആർ. ചന്ദ്രകുമാർ അറിയിച്ചു.

error: Content is protected !!