September 11, 2026

ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛനെതിരെ പോലീസ് കേസെടുത്തു

കുമളി :ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛനെതിരെ പോലീസ് കേസെടുത്തു.
പ്രതിയായി ആരോപിക്കപ്പെട്ട അർജുന്റെ ബന്ധുവായ പാൽരാജിനെ ടൗണിൽ വെച്ച് കയ്യേറ്റം ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി.
വണ്ടിപ്പെരിയാർ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ മാസം ജനുവരി 6 നാണ് പ്രതിയായി ആരോപിക്കപ്പെട്ട അർജുന്റെ ബന്ധുവായ പാൽരാജെന്ന് വിളിക്കുന്ന ബാബുവും കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും തമ്മിൽ പശുമല ജംഗ്ഷനിൽ വെച്ച് സംഘർഷമുണ്ടായത്.
തയ്യൽ തൊഴിലാളിയായ പാൽരാജ് കയ്യിലുണ്ടായിരുന്ന കൂർത്ത തൊഴിൽ ഉപകരണം ഉപയോഗിച്ച് പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും മുറിവേൽപ്പിച്ചിരുന്നു.
ഈ സംഭവത്തെ തുടർന്ന് കനത്ത പ്രതിഷേധമാണ് പാൽരാജിനെതിരെ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നത്.
സംഘർഷത്തെ തുടർന്ന് റിമാണ്ടിലായ പാൽരാജ് പെൺകുട്ടിയുടെ പിതാവിനെതിരെയും പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് ടൗണിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പാൽരാജിന്റെ പരാതിയിലെ ആരോപണം.
പീരിമേട് കോടതിയുടെ അനുമതിയോടെയാണ് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തത്.

error: Content is protected !!