September 12, 2026

വണ്ടിപ്പെരിയാറിൽ വൻ കള്ളനോട്ട് വേട്ട; ഒരാൾ പിടിയിൽ

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്ത് താമസിക്കുന്ന സെബിൻ ജോസഫാണ് (26) പിടിയിലായത്.
വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് നോട്ട് ഇരട്ടിപ്പ് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ്  നടത്തിയ പരിശോധനയിൽ 22,000 രൂപയുടെ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു. സെബിന്റെ  വീടിനുള്ളിലെ കിടപ്പ് മുറിയിൽ മൊബൈൽ കവറിനുള്ളിലാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.
ചെന്നൈയിൽ നിന്നും 20,000 രൂപയുടെ ഒറിജിനൽ നോട്ട് നൽകി 40,000 രൂപ കള്ള നോട്ടായി വാങ്ങുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പണം പലർക്കായി നോട്ട് ഇരട്ടിപ്പിന്‍റെ പേരിൽ വിതരണം ചെയ്‌തതായും പ്രതി പൊലീസിനോട് പറഞ്ഞു. ഒറിജിനൽ നോട്ട് നൽകിയാൽ ഇരട്ടി കള്ളനോട്ട് നൽകുന്നതാണ് ഇവരുടെ രീതി. സംഘത്തിൽപെട്ട പലരും പൊലീസ് നിരീക്ഷണത്തിലാണ്.
അറസ്റ്റിലായ പ്രതി മുമ്പും സമാനമായ ഇടപാടുകൾ നടത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്റ്റർ ഹേമന്ദ് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. വിനോദ് കുമാർ, എ.എസ്.ഐ റെജി, സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!