September 13, 2026

ഉത്ര വധക്കേസ്; ഇന്ന് വിധി പറയും.

കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പുസാക്ഷി ആക്കിയിരുന്നു. ഉത്രയെ കൊലപ്പെടുത്താനായി രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം തെളിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു.

സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ കുറ്റപത്രം. സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ

error: Content is protected !!