October 27, 2026

തേക്കടിയിൽ വന്യജീവി വാരാഘോഷത്തിന് തുടക്കം

IMG-20261002-WA0138

തേക്കടി: വനങ്ങളും വന്യജീവികളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആവാസവ്യവസ്ഥയുടെ സംരക്ഷണവും സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന് തേക്കടിയിൽ തുടക്കമായി.

ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വിവിധ പരിപാടികളോടെയാണ് ഇത്തവണത്തെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ആനവച്ചാൽ വനശ്രീ അങ്കണത്തിൽ നടന്ന ചടങ്ങിൽ പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

നാല് പതിറ്റാണ്ടിലേറെയായി വനംവകുപ്പിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തിവരുന്ന വന്യജീവി വാരാഘോഷം ഇത്തവണയും വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി ചെയർമാൻ എം.എം. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ മിഥുൻ മോഹൻ ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ. മുഹമ്മദ് ഷാജി, പി.ടി.സി.എഫ് ഗവേണിംഗ് ബോഡി അംഗം ഷാജി കുരിശുമൂട്, എ.എഫ്.ഡി.ആർ ലക്ഷ്മി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, റോബിൻ കാരക്കാട്, അനസ് മുങ്കുഴി, അഞ്ചു ബോബി, ഹൈദ്രോസ് മീരാൻ തുടങ്ങിയ വിവിധ കമ്മിറ്റി ചെയർമാൻമാരും അംഗങ്ങളും വനംവകുപ്പ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ വിവിധ കലാ, കായിക, സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും.

ഒക്ടോബർ അഞ്ചിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും.

ഒക്ടോബർ എട്ടിന് വൈകിട്ട് അഞ്ചരയ്ക്ക് കുമളി ഹോളിഡേഹോം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന് സമാപനമാകുക.

You may have missed

error: Content is protected !!