സ്വകാര്യ ബസുകളിൽ എം.വി.ഡി പരിശോധന; 46 ബസുകൾക്കെതിരെ നടപടി
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാതെയും സാധുവായ പെർമിറ്റില്ലാതെയും സർവീസ് നടത്തൽ തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി.
ബസിന്റെ വാതിൽ തുറന്ന നിലയിൽ സർവീസ് നടത്തുക, അനുമതിയില്ലാതെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി എം.വി.ഡി അറിയിച്ചു. കൂടാതെ, സാധുവായ കണ്ടക്ടർ ലൈസൻസോ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഇല്ലാത്ത ജീവനക്കാരെ നിയോഗിച്ചതായും കണ്ടെത്തി.
നിയമലംഘനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
