October 27, 2026

36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

w-1280h-720croprect-0x1x1280x719imgid-01m3bycg5azdfv15n3gpczy4dnimgname-drug-bust-1790328586410

കൊച്ചി: 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അസമിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെയാണ് ചാലയ്ക്കലിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബാഗിൽ മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.

മയക്കുമരുന്ന് വിൽപ്പന നടത്തിയ ശേഷം അന്നുതന്നെ അസമിലേക്ക് മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഒരു ബോക്സ് ഹെറോയിൻ 1.20 ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ചെറിയ കുപ്പികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികളിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്ഐ രഞ്ജിത്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

You may have missed

error: Content is protected !!