പട്ടാപ്പകൽ വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചര പവൻ സ്വർണ്ണമാല കവർന്നു; വണ്ടൻമേട് പോലീസ് അന്വേഷണം തുടങ്ങി
അണക്കര: പട്ടാപ്പകൽ വീട്ടുമുറ്റത്ത് നിന്നിരുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചര പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നുകളഞ്ഞ സംഭവത്തിൽ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ സ്വദേശിനിയായ മേരിക്കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയാണ് കവർന്നത്.
ഇന്ന് രാവിലെ ഏകദേശം 11.30ഓടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിലെ നായ അസ്വാഭാവികമായി കുരയ്ക്കുന്നത് കേട്ട് മേരിക്കുട്ടി പുറത്തേക്കിറങ്ങി പരിശോധിച്ചെങ്കിലും ആരെയും കാണാനായില്ല. കുറച്ച് സമയത്തിന് ശേഷം വേസ്റ്റ് വെള്ളം ഒഴിക്കാനായി വീടിന് പുറത്തേക്ക് എത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ പഴയ തൊഴുത്തിന് സമീപം അപരിചിതനായ യുവാവ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ആരാണെന്ന് ചോദിച്ചപ്പോൾ, തണുപ്പ് കാരണം അവിടെ കയറി നിന്നതാണെന്നും കുടിക്കാൻ അൽപം ചൂടുവെള്ളം നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടതായി മേരിക്കുട്ടി പോലീസിനോട് മൊഴി നൽകി. തുടർന്ന് ചൂടുവെള്ളം എടുക്കാനായി വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ, പിന്നിൽ നിന്നെത്തിയ യുവാവ് മേരിക്കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല ബലമായി വലിച്ചുപൊട്ടിച്ച് വീടിന് പിന്നിലെ ഏലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
മേരിക്കുട്ടി വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി പ്രദേശത്ത് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹകരണത്തോടെ പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദരായ ആരെയും കണ്ടെത്താനായില്ല. മേരിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു.
