September 12, 2026

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോർച്ച; വീടിന്റെ അടിത്തറ തകർച്ചാഭീഷണിയിൽ, ഒരു മാസമായി ദുരിതത്തിൽ ഒൻപതംഗ കുടുംബം

IMG-20260804-WA0093

കുമളി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകി വീടിന്റെ അടിത്തറ ബലക്ഷയം നേരിട്ടതായി പരാതി. കുമളി കൊല്ലംപട്ടട കുരിശുമലയിൽ താമസിക്കുന്ന മടത്തിപറമ്പിൽ അനി ഷാജിയുടെയും കുടുംബത്തിന്റെയും വീടാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒൻപതംഗ കുടുംബം ആശങ്കയോടെയാണ് ഇവിടെ കഴിയുന്നത്.

തേക്കടി തടാകത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുരിശുമലയിലെ മൂന്നര ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണ ടാങ്കിലേക്ക് എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായതെന്നാണ് കുടുംബം പറയുന്നത്. ചോർന്ന വെള്ളം ഭൂമിക്കടിയിലൂടെ വീടിന്റെ അടിത്തറയിലേക്ക് വ്യാപിച്ചതോടെ വീടിനകത്തും പരിസരത്തും ഈർപ്പം വർധിക്കുകയും അടിത്തറയുടെ ബലക്ഷയം രൂക്ഷമാകുകയും ചെയ്തതായി ഇവർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് പഞ്ചായത്തിനും കേരള വാട്ടർ അതോറിറ്റിക്കും നിരവധി തവണ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൈപ്പ് ലൈനിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് സ്ഥലങ്ങളിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ചോർച്ചയുടെ കൃത്യമായ സ്ഥലം കണ്ടെത്താനായില്ല. ഇതോടെ പ്രശ്നം പരിഹരിക്കാതെ തുടരുകയാണെന്ന് കുടുംബം പറയുന്നു.

വീടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചോർച്ച കണ്ടെത്തി പൈപ്പ് അറ്റകുറ്റപ്പണി നടത്തുകയും വീടിന് സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ നഷ്ടപരിഹാരം നൽകുകയും വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അതേസമയം, ജലവിതരണത്തിനായി ഉപയോഗിക്കുന്ന പ്രധാന പൈപ്പ് ലൈനിൽ നിന്ന് വലിയ തോതിൽ വെള്ളം പാഴാകുന്നതും പൊതുസമ്പത്തിന്റെ നഷ്ടത്തിന് കാരണമാകുന്നതുമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

error: Content is protected !!