September 12, 2026

അയൽവാസി വീട് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്തതോടെ തങ്ങളുടെ വീട് അപകടാവസ്ഥയിൽ ആയതായി പരാതിയുമായി സേനാപതി സ്വദേശിനി രംഗത്ത്.

സേനാപതി സ്വദേശിനി ചൂരക്കുഴിയിൽ മഞ്ജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിൽ ആയത്. സംരക്ഷണ ഭിത്തി നിർമ്മിയ്ക്കാൻ ഇടപെടൽ നടത്താതെ അധികൃതർ തങ്ങളോട് മാറി താമസിയ്‌ക്കാൻ ആവശ്യപെടുന്നതായി കുടുംബം. നാല് വർഷങ്ങൾക് മുൻപാണ് മഞ്ജുവിന്റെ അയൽവാസി വീട് നിർമ്മാണത്തോടനുബന്ധിച്ച്, ഇവരുടെ വീടിന് സമീപത്തു നിന്ന് മണ്ണ് നീക്കം ചെയ്തത്. സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ പിന്നീട് പലതവണ ആവശ്യപെട്ടിട്ടും നടപടി ഉണ്ടായില്ല.ചുവരുകൾ വിണ്ടു കിറിയും തറ ഇടിഞ്ഞു നിലവിൽ വീട് അപകടാവസ്ഥയിൽ ആണ്. മഴക്കാലത്തു വെള്ളം ഇറങ്ങി മണ്ണ് ഇടിയാൻ സാധ്യത ഏറെയാണ്. വെള്ളം താഴാതിരിയ്ക്കാൻ നിലവിൽ പ്ലാസ്റ്റിക് പടുത ഇട്ട് മൂടിയിരിയ്ക്കുകയാണ് ഇവർ. സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകണമെന്ന് ആവശ്യപെട്ട് ഇവർ നവ കേരള സദസിലും കളക്ടർക്കും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും വീട് അപകടാവസ്ഥയിൽ ആയതിനാൽ വാടകയ്ക്കു മാറാൻ ആവശ്യപെടുകയാണ് ചെയ്തത്.
മഞ്ജുവും അമ്മയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസിയ്ക്കുന്നത്. കൂലിവേല ആണ് ഉപജീവന മാർഗം. തുശ്ചമായ വരുമാനം കൊണ്ട് നിത്യ ചെലവുകൾ തള്ളി നീക്കുന്ന കുടുംബത്തിന് വാടകയ്ക്കു മാറാനോ സംരക്ഷണ ഭിത്തി നിർമ്മിയ്ക്കാനോ സാധ്യമല്ല. സി പി എം പ്രാദേശിക നേതാവായ അയൽ വാസിയുടെ രാഷ്ട്രീയ ബന്ധങ്ങൾ മൂലമാണ് അധികൃതർ, സംരക്ഷണ ഭിത്തി നിർമ്മിയ്ക്കാൻ ഇടപെടൽ നടത്താതെന്നാണ് ആരോപണം

error: Content is protected !!