September 12, 2026

ഇടുക്കി ജില്ലയിലെ മികച്ച പഞ്ചായത്ത്; പുരസ്‌കാര നിറവില്‍ കുമളി ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയില്‍ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കുമളി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയുമാണ് പുരസ്‌കാരം. 2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് വര്‍ഷം വികസന ഫണ്ട് സ്പില്‍ ഓവര്‍ ഉള്‍പ്പെടെ 75 % ത്തിനു മുകളില്‍ ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളെ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. എസ്.സി.എസ്.പി, ടി.എസ്.പി ഇനങ്ങളില്‍ 75 % ത്തിനുമുകളില്‍ ചെലവഴിച്ചിട്ടുണ്ടാവണം. മെയിന്റനന്‍സ് ഫണ്ട് 60 % ചെലവഴിക്കുകയും വസ്തു നികുതി പിരിവ് 60 % ത്തില്‍ കുറയാതെ കൈവരിക്കുകയും വേണം.

2020 – 21 സാമ്പത്തിക വര്‍ഷം കുമളി ഗ്രാമപഞ്ചായത്തിന് 12 കോടി രൂപയാണ് (സര്‍ക്കാറിന്റെ ബജറ്റ് വിഹിതം) ലഭിച്ചത്. ഇതില്‍ ജനറല്‍ വിഭാഗത്തിന് അഞ്ചര കോടി രൂപയും എസ്.സി.എസ്.പി ഒരു കോടി 61 ലക്ഷം രൂപയും ടി.എസ്.പി 42 ലക്ഷം രൂപയുമാണ് ലഭിച്ചത്. ജനറല്‍ വിഭാഗത്തില്‍ 114.39 % വും എസ്.സി.എസ്.പിയില്‍ 93.19 % വും ടി.എസ്.പിയില്‍ 85.47 % വും ഗ്രാമപഞ്ചായത്തിന് ചെലവഴിക്കാന്‍ കഴിഞ്ഞു. ഇതാണ് അവാര്‍ഡിന് പഞ്ചായത്തിനെ പര്യാപ്തമാക്കിയത്.

അഴുത ബ്ലോക്ക് പഞ്ചായത്തില്‍ പീരുമേട് താലൂക്കിന് കീഴില്‍ കുമളി, പെരിയാര്‍, മ്ലാപ്ലാറ എന്നീ മൂന്നു വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കുമളി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുള്ള പഞ്ചായത്തില്‍ 20 വാര്‍ഡുകളാണ് ഉള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത്. സി.എഫ്.എല്‍.ടി.സി, ഡി.സി.സി, ഹെല്പ് ഡെസ്‌ക്, ഭക്ഷണ വിതരണം തുടങ്ങി എല്ലാ പ്രവര്‍ത്തങ്ങളിലും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. 200 ല്‍ അധികം വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 100 കിടക്കകളുള്ള അടഞ്ഞുകിടന്ന പെരിയാര്‍ ഹോസ്പിറ്റലും 80 കിടക്കകളുള്ള ഹോളിഡേ ഹോമും സി.എഫ്.എല്‍.ടി.സിയായി ഏറ്റെടുത്ത് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. കൂടാതെ 5 കോവിഡ് കെയര്‍ സെന്ററുകളും ആരംഭിച്ചു. രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമളിയില്‍ സ്ഥിരം വാക്സിനേഷന്‍ സെന്ററിന് വേണ്ടി കുമളി ഗവണ്മെന്റ് സ്‌കൂള്‍ ഓഡിറ്റോറിയം ഏറ്റെടുക്കുകയും ചെയ്തു. ആദിവാസികള്‍ക്കായി സ്‌പേഷ്യല്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 ആംബുലന്‍സുകളും 6 ജീപ്പും 2 ഓട്ടോറിക്ഷകളും സജ്ജീകരിച്ചിരുന്നു.

ആരോഗ്യ മേഖലയിലും ശ്രദ്ധേയമായി നേട്ടങ്ങളാണ് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളത്. നവീകരിച്ച ലാബ് സജ്ജമാക്കിയതോടെ പരിശോധനകള്‍ക്ക് മറ്റ് സ്വാകാര്യ ലാബുകളെ ആശ്രയിക്കുന്നതില്‍ നിന്നും സാധാരണക്കാരെ മുക്തരാക്കി. മൊബൈല്‍ ആംബുലന്‍സ് ക്ലിനിക് സജ്ജമാക്കിയതോടെ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായി. കോവിഡ് പ്രതിസന്ധി ഉടലെടുത്ത സമയത്താണ് പഞ്ചായത്തില്‍ മൊബൈല്‍ ആംബുലന്‍സ് ക്ലിനിക് സജ്ജമാക്കിയത്. ഇപ്പോഴും ക്ലിനിക്കിന്റെ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്. ഒരു ഡോക്ടര്‍, ഒരു നേഴ്സ്, ഒരു ഫര്‍മസിസ്റ്റ് എന്നിവരുടെ സേവനം മൊബൈല്‍ ആംബുലന്‍സ് ക്ലിനിക്കില്‍ ലഭ്യമാണ്.

മാലിന്യ സംസ്‌കരണത്തിനും പഞ്ചായത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ അഭിമുഖികരിക്കുന്ന ഗുരുതര പ്രശ്നമാണ് മാലിന്യ സംസ്‌കരണം. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കുമളി ഗ്രീന്‍ കുമളി സൊസൈറ്റിയുടെ നേതൃത്തിലാണ് മാലിന്യസംസ്‌കരണ പരിപാടികള്‍ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായ ഈ സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 10 വര്‍ഷമായി. വിവിധ വകുപ്പുകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് മാലിന്യ സംസ്‌കരണം നടത്തിവരുന്നത്. ഹരിത കര്‍മ്മ സേനയുടെ സേവനവും പഞ്ചായത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ രണ്ട് പേരെ വീതം ഹരിത കര്‍മ്മ സേന അംഗങ്ങളായി നിയോഗിച്ചിട്ടുണ്ട്.
ആശ്രയ പദ്ധതി, വാര്‍ഡ് – പഞ്ചായത്ത് തല ജാഗ്രത സമിതികള്‍, ജെന്റര്‍ റിസോഴ്സ് സെന്റര്‍, ബഡ്‌സ് സ്‌കൂള്‍, ജനകീയ ഹോട്ടല്‍, വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം, ദുരന്ത നിവാരണ പദ്ധതികള്‍, ജല സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ 100 % വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ പൊതുശ്മശാനം പ്രവര്‍ത്തനക്ഷമമാണ്.
കുമളി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് പുരസ്‌കാരത്തിന് വഴി തുറന്നതെന്നും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ച വയ്ക്കാനുള്ള പ്രചോദനമാണ് ലഭിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, സെക്രട്ടറി സെന്‍മോന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം സിദ്ധിഖ് എന്നിവര്‍ പറഞ്ഞു.

error: Content is protected !!