September 11, 2026

ISL 2020-21: ഗോള് വിസ്മയം തീര്ത്ത് ഹൈദരാബാദ്; നോര്ത്ത് ഈസ്റ്റിനെ തകര്ത്തെറിഞ്ഞു

വാസ്‌കോ: ഐഎസ്എല്ലില്‍ തകര്‍പ്പന്‍ ജയം ആവര്‍ത്തിച്ച് ഹൈദരാബാദ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാമത് കയറി. അരിടാനെ സാന്‍ടാന (3′), ജോയല്‍ ചിയാനീസ് (36′), ലിസ്റ്റണ്‍ കൊളാക്കോ (85′, 90+4′) എന്നിവരാണ് ഹൈദരാബാദിനായി ഗോള്‍ മഴ പെയ്യിച്ചത്. മറുഭാഗത്ത് ഫെഡറിക്കോ ഗലേഗോ (45′, പെനാല്‍റ്റി), ബെഞ്ചമിന്‍ ലാംബോട്ട് (45+2′) എന്നിവരിലൂടെ നോര്‍ത്ത് ഈസ്റ്റ് മറുപടി നല്‍കി. 85 ആം മിനിറ്റുവരെ സമനിലയില്‍ തുടര്‍ന്ന മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത് ലിസ്റ്റണ്‍ കൊളാക്കോയാണ്. അവസാന അഞ്ചു മിനിറ്റില്‍ കൊളാക്കോ കുറിച്ച ഇരട്ട ഗോളുകള്‍ ഹൈദരാബാദ് എഫ്‌സിക്ക് ജയം സമ്മാനിച്ചു. ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റും ഹൈദരാബാദും ഒപ്പത്തിനൊപ്പം നിന്നു.മൂന്നാം മിനിറ്റില്‍ സാന്‍ടാനയിലൂടെയാണ് ഹൈദരാബാദ് മുന്നിലെത്തിയത്. ഇടതു വിങ്ങില്‍ നിന്നും ചിയാനീസ് നടത്തിയ മനോഹരമായ മുന്നേറ്റം ഗോളായി മാറി. പന്തിനെ കൃത്യമായി പോസ്റ്റിനകത്തേക്ക് ദിശകാട്ടേണ്ട ചുമതലയേ സാന്‍ടാനയ്ക്കുണ്ടായിരുന്നുള്ളൂ. 36 ആം മിനിറ്റില്‍ ചിയാനീസ് വീണ്ടും നോര്‍ത്ത് ഈസ്റ്റിന് വില്ലനായി. ആകാശ് മിശ്രയില്‍ നിന്നും കിട്ടിയ പന്തിനെ കൃത്യമായി വലയ്ക്കകത്താക്കാന്‍ ചിയാനീസിന് സാധിച്ചു. കാര്യങ്ങള്‍ ഹൈദരാബാദിന്റെ വഴിക്കെന്ന് കരുതിയിരിക്കവെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഉഗ്രന്‍ തിരിച്ചുവരവ്. 44 ആം മിനിറ്റില്‍ അഷുതോഷിനെ നര്‍സാരി വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റിന് റഫറി പെനാല്‍റ്റി അനുവദിച്ചു; ഗോളിനുള്ള സുവര്‍ണാവസരം ഫെഡറിക്കോ ഗലേഗോ നഷ്ടപ്പെടുത്തിയില്ല. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് രണ്ടാമതും ഗോളടിച്ചപ്പോഴാണ് ഹൈദരാബാദ് അപായം തിരിച്ചറിഞ്ഞത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെഞ്ചമിന്‍ ലാംബോട്ടിന്റെ ഷോട്ട് ഹൈദരാബാദിന്റെ വല വീണ്ടും കുലുക്കി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണോത്സുകമായാണ് ഹൈദരാബാദ് കളിച്ചത്. എന്നാല്‍ 85 ആം മിനിറ്റുവരെയും നീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. 85 ആം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോയാണ് സമനിലപ്പൂട്ട് പൊട്ടിച്ചത്. വലതു വിങ്ങില്‍ നിന്നും കിട്ടിയ പന്തുമായി ബോക്‌സിനകത്തേക്ക് നൃത്തമാടിയെത്തിയ കൊളാക്കോയെ തടയാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധനിരയ്ക്ക് കഴിഞ്ഞില്ല. ഫലമോ, കൊളാക്കോ ഹൈദരാബാദിനായി മൂന്നാമത്തെ ഗോള്‍ വീഴ്ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കൊളാക്കോ വീണ്ടും ഗോളടിച്ചതോടെ നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി സമ്പൂര്‍ണമായി.

error: Content is protected !!