പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കേരളത്തിലെത്തിയ പ്രതി ശ്രീകാര്യത്ത് പിടിയിൽ
തിരുവനന്തപുരം: പശ്ചിമബംഗാളിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ഇതരസംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശാന്ത് ജിത്ത് ദാസ് (27) ആണ് നാടകീയമായി പൊലീസ് പിടിയിലായത്.
ഓഗസ്റ്റ് മൂന്നിന് പശ്ചിമബംഗാളിലെ അലിപുർദാർ ജില്ലയിലാണ് കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ കേരളത്തിലേക്ക് കടന്ന പ്രതിയെക്കുറിച്ച് പശ്ചിമബംഗാൾ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്.
പ്രതിയുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയുള്ള വിവരങ്ങൾ കേരള പൊലീസിന് കൈമാറിയിരുന്നു. ഇതിനിടെ, ഇന്നലെ രാത്രി പ്രതി ശ്രീകാര്യത്ത് എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ശ്രീകാര്യം പൊലീസ് ഇയാൾ താമസിച്ചിരുന്ന സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അതിനുമുമ്പ് പ്രതി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു.
പൊലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മഫ്തിയിലെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
പശ്ചിമബംഗാൾ പൊലീസ് കേരളത്തിലെത്തി പ്രതിയെ ഏറ്റുവാങ്ങുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ എസ്.വൈ. സുരേഷ് അറിയിച്ചു. ആവശ്യമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പശ്ചിമബംഗാൾ പൊലീസിന് കൈമാറും.
