September 11, 2026

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കം

IMG-20260901-WA0180

തേക്കടി: സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് മൂന്ന് ദിവസങ്ങളിലായി അണക്കെട്ടിൽ വിശദമായ പരിശോധന നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ വിദഗ്ധ സംഘം ബോട്ട് മാർഗം മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പുറപ്പെട്ടു. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ ശേഷി തുടങ്ങിയവയാണ് പ്രധാനമായും വിലയിരുത്തുന്നത്.

എൻ.എച്ച്.പി.സി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ എൻ.എച്ച്.പി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ ധവാൻ, ഐ.ഐ.ടി. റൂർക്കിയിലെ പ്രൊഫസർ എം.എൽ. ശർമ്മ, ഗംഗാ പ്രളയ നിയന്ത്രണ കമ്മീഷൻ മുൻ ചെയർമാൻ ഗുൽഷൻ രാജ്, ഒഡീഷ ജലവിഭവ വകുപ്പ് മുൻ എൻജിനീയർ ഇൻ ചീഫ് അശുതോഷ് ദാഷ് എന്നിവർ അംഗങ്ങളാണ്.

സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് വിശദമായ പരിശോധന നടക്കുക. പരിശോധന പൂർത്തിയാക്കിയ ശേഷം കേരള, തമിഴ്നാട് സർക്കാരുകളിലെ ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ചർച്ച നടത്തും.

അണക്കെട്ടിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും ഘടനാപരമായ സുരക്ഷയും ഇത്തവണ പ്രത്യേകമായി വിലയിരുത്തും. പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരളം, അണക്കെട്ടിന്റെ സമ്പൂർണ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം വിദഗ്ധ സമിതിക്ക് മുന്നിൽ ഉന്നയിക്കും.

സെപ്റ്റംബർ നാലിന് വിദഗ്ധ സംഘം തേക്കടിയിൽ നിന്ന് മടങ്ങും. സമിതിയുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ വിലയിരുത്തുന്നതിനായി ഡൽഹിയിൽ ഉന്നതതല യോഗം ചേരും.

error: Content is protected !!