കുമളി വാർത്ത ആംബുലൻസ് ഗ്രൂപ്പിന്റെ കാരുണ്യഹസ്തം വിനോ ഫിലിപ്പിന്റെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ സഹായം കൈമാറി
കുമളി: ക്യാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന വിനോ ഫിലിപ്പിന്റെ ചികിത്സാ സഹായത്തിനായി കുമളി വാർത്ത വാട്സ്ആപ്പ് കൂട്ടായ്മയുടെ ആംബുലൻസ് ഗ്രൂപ്പ് ഒരു ലക്ഷം രൂപ ധനസഹായമായി കൈമാറി.
വിനോ ഫിലിപ്പിന്റെ ചികിത്സയ്ക്കായി ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ഗുരുതരമായ രോഗാവസ്ഥയിൽ കഴിയുന്ന ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി സമൂഹത്തിന്റെ കൂട്ടായ പിന്തുണ അനിവാര്യമാണ്.
ആംബുലൻസ് ഗ്രൂപ്പിന്റെ ഭാരവാഹികൾ വിനോ ഫിലിപ്പിന്റെ വീട്ടിലെത്തി ചികിത്സാ സഹായം കൈമാറി. ചികിത്സാ ചെലവിലേക്ക് കഴിയുന്ന രീതിയിൽ സഹായിക്കാൻ സന്മനസ്സുള്ള എല്ലാവരും മുന്നോട്ടുവരണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
കുമളി വാർത്തയുടെ നേതൃത്വത്തിൽ ഇതിനുമുമ്പും നിരവധി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്നും, ഇതിന് പിന്നിൽ നിൽക്കുന്ന നല്ലവരായ വ്യക്തികളുടെയും പൊതുസമൂഹത്തിന്റെയും സഹകരണമാണ് പ്രധാന ശക്തിയെന്നും അഡ്മിൻമാരായ മനോജ് ചേമ്പനായിൽ, ലിജു വർഗീസ് എന്നിവർ പറഞ്ഞു.
വിനോ ഫിലിപ്പിന്റെ ചികിത്സയ്ക്കായി കൈകോർക്കാം; ഒരു ജീവൻ തിരികെ പിടിക്കാനുള്ള ഈ കൂട്ടായ്മയിൽ നമുക്കും പങ്കാളികളാകാം.
