കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 190 കിലോ കഞ്ചാവ് പിടികൂടി; നാലുപേർ അറസ്റ്റിൽ
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് ആഡംബര കാറുകളിൽ ഒളിപ്പിച്ച്; കഞ്ചാവിന് ഒരു കോടിയിലധികം രൂപ വില
കുമളി: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 190 കിലോ കഞ്ചാവ് തമിഴ്നാട് പൊലീസ് പിടികൂടി. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളിക്ക് സമീപം തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് വൻ ലഹരിവേട്ട നടന്നത്.
രണ്ട് ആഡംബര കാറുകളിലായി കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. വാഹനങ്ങൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു കോടിയിലധികം രൂപ വിലവരുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
രാമനാഥപുരം സ്വദേശികളായ മുത്തുപ്പാണ്ടി (25), ഈശ്വരമൂർത്തി (34), അലിയാർ (46), മുഹമ്മദ് ഹനീഫ (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂർ ഇൻസ്പെക്ടർ പ്രഭുവിന്റെയും എസ്.ഐ. രവിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
തേനി ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഗൂഡല്ലൂരിന് സമീപത്തെ ബൈപ്പാസ് റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രണ്ട് കാറുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനങ്ങളിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുള്ള മറ്റൊരു പ്രതിയായ രാമനാഥപുരം സ്വദേശി കാളീശ്വരനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾക്കായി വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
അറസ്റ്റിലായ പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും കേരളത്തിലെത്തിച്ച് ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംസ്ഥാന അതിർത്തിയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് ഗൂഡല്ലൂരിൽ നടന്നതെന്ന് പൊലീസ് അറിയിച്ചു.
