September 12, 2026

മലമ്പനി–മന്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

IMG-20260810-WA0057

ചക്കുപള്ളം ഗ്രാമപഞ്ചായത്തും അണക്കര പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

അണക്കര: അതിഥി സംസ്ഥാന തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ മലമ്പനി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്തും അണക്കര പ്രാഥമിക ആരോഗ്യകേന്ദ്രവും ചേർന്ന് മലമ്പനി–മന്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനവിലാസം മേഖലയിൽ അതിഥി സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ പരിശോധനയിലാണ് മൂന്ന് മലമ്പനി കേസുകൾ കണ്ടെത്തിയത്.

രോഗബാധിതർക്ക് ആവശ്യമായ മരുന്നും തുടർചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കോൺടാക്ട് സ്മിയർ, മാസ് സ്മിയർ പരിശോധനകൾ നടത്തുകയും പ്രദേശത്ത് IRS (ഇൻഡോർ റെസിഡ്യുവൽ സ്പ്രേയിംഗ്) ഉൾപ്പെടെയുള്ള കൊതുകുനിവാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജിമോൾ ഷിബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്തുതല യോഗം ചേർന്നു. മലമ്പനി രോഗബാധയും പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ പി.എ. വിശദീകരിച്ചു. പഞ്ചായത്തിൽ മലമ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള വിവിധ തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.

പ്രധാന തീരുമാനങ്ങൾ:

  • പഞ്ചായത്തിൽ ജോലി ചെയ്യുന്ന മുഴുവൻ അതിഥി സംസ്ഥാന തൊഴിലാളികളെയും രക്തപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് തോട്ടം ഉടമകൾ, സ്ഥാപന ഉടമകൾ, തൊഴിലാളികളെ എത്തിക്കുന്നവർ, തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്നവർ എന്നിവർക്ക് നിർദേശം നൽകി.
  • മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പഞ്ചായത്തിലെത്തുന്ന തൊഴിലാളികൾ എത്തി മൂന്ന് ദിവസത്തിനകം മലമ്പനി, മന്ത് പരിശോധനകൾക്ക് വിധേയരാകണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽനിന്ന് മലമ്പനി ഇല്ലെന്ന് സ്ഥിരീകരിക്കുന്ന ഫിറ്റ്നസ് കാർഡ് ലഭിച്ചതിനുശേഷം മാത്രമേ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാവൂ.
  • പഞ്ചായത്തിൽ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെ പേരും മറ്റ് വിവരങ്ങളും ബന്ധപ്പെട്ട സ്ഥാപന ഉടമകൾ, തോട്ടം ഉടമകൾ, തൊഴിലാളികളെ എത്തിക്കുന്നവർ എന്നിവർ അടിയന്തരമായി വാർഡ് മെമ്പർമാർക്കും ആരോഗ്യപ്രവർത്തകർക്കും (വാർഡ് ആരോഗ്യ ശുചിത്വ സമിതി) കൈമാറണം.
  • കടുത്ത പനി, വിറയൽ, ശക്തമായ തലവേദന, അമിതമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കണമെന്നും നിർദേശിച്ചു.
  • കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുകുകടി തടയാൻ കൊതുകുവലയും ജനൽ–വാതിൽ വലകളും ഉപയോഗിക്കണം.
  • തീവ്രമായ പനി, ബോധക്ഷയം, ശ്വാസതടസ്സം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായാൽ അടിയന്തര ചികിത്സ തേടണം.
  • രോഗലക്ഷണങ്ങളോ രോഗവ്യാപന സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിക്കണമെന്നും യോഗം നിർദേശിച്ചു.

പകർച്ചവ്യാധികൾ പടരുന്നതിന് സാഹചര്യമൊരുക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമം–2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജിമോൾ ഷിബു, മെഡിക്കൽ ഓഫീസർ ഡോ. ഹണി ഏലിയാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയമോൾ സാബു, പഞ്ചായത്ത് സെക്രട്ടറി ജെസ്മൽ ജലാൽ എന്നിവർ അറിയിച്ചു.

error: Content is protected !!