September 13, 2026

അരിക്കൊമ്പനെ പെരിയാർ ഉൾവനത്തിൽ തുറന്നു വിട്ടു,നീക്കങ്ങൾ നിരീക്ഷിക്കാൻ ജി പി എസ് കോളർ

കുമളി : പെരിയാർ കടുവാ സങ്കേതത്തിലെ ഉള്‍വനത്തിലാണ് ആനയെ തുറന്നുവിട്ടത്. ജനവാസമേഖലയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്.  നാല് മണിയോടെ സീനിയറോഡ വനമേഖലയിലെ മേദകാനത്താണ് ആനയെ തുറന്നുവിട്ടത്.
രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം ഇവിടെ എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു.  പുലർച്ചെ നാല് മണിയോടെയാണ് കൊമ്പനെ തുറന്നുവിട്ടത്.
ആനയുടെ നീക്കങ്ങൾ അസമിൽ നിന്നു എത്തിച്ച ജിപിഎസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക.ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന മടങ്ങി എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.

11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

അരിക്കൊമ്പന്‍ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിരുന്നു ദൗത്യസംഘത്തിന്. കാലുകള്‍ ബന്ധിച്ച ശേഷം കുങ്കിയാനകള്‍ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തില്‍ കയറ്റാന്‍ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയില്‍ കയറ്റാനായി എന്നത് വിജയമാണ്.

error: Content is protected !!