September 12, 2026

ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

മൂലമറ്റം: ഇടുക്കി മൂലമറ്റം അശോക കവലയിലെ ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു.
മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എ.കെ.ജി. കോളനിക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാര്‍ട്ടിനെ(30) പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അശോക കവലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടലില്‍ ഫിലിപ്പും കൂട്ടാളികളും ഭക്ഷണം കഴിക്കാനെത്തി. സനലും മൂന്നു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഭക്ഷണത്തെച്ചൊല്ലി ഇവര്‍ ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമം നടത്തി. ഇതില്‍ ക്ഷുഭിതനായ ഫിലിപ്പ് നാട്ടുകാരോടും വഴക്കിട്ടു. വഴക്ക് കയ്യാങ്കളിയിലേക്ക് മാറുകയും വിഷയത്തില്‍ ഇടപെട്ട സനലിനെ ഫിലിപ്പ് മര്‍ദ്ദിച്ചതായും പറയുന്നു. ശേഷം അവിടെ നിന്നും രക്ഷപ്പെട്ട ഫിലിപ്പിനെ സനലും സംഘവും പിന്തുടരുകയായിരുന്നുവെന്നും മര്‍ദ്ദിച്ചതിന്റെ പ്രതികാരമെന്നോണം കാറിനെ പിന്തുടര്‍ന്നെത്തിയ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സര്‍വീസ് സെന്ററിനടുത്ത് വെച്ച്‌ ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി.ഇവിടെയും പ്രശ്‌നം രൂക്ഷമായതോടെ ഫിലിപ്പിന്റെ കാറ് അടിച്ചു തകര്‍ത്തായും മര്‍ദ്ദിച്ചതായും പറയുന്നു.
ഇതിനിടെ ക്ഷുഭിതനായ ഫിലിപ്പ് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് വെടി വെക്കുകയായിരുന്നു. തോക്കുമായി വരുന്നതു കണ്ട് ബൈക്കില്‍ രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ സനലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാളെ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

error: Content is protected !!