September 12, 2026

കരുവന്നൂര്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ വാങ്ങിയ സ്ഥലം തേക്കടിക്ക് സമീപത്തുള്ള മുരുക്കടിയിലെന്ന് കണ്ടെത്തി. പണം വരവ് നിലച്ചതോടെ റിസോര്‍ട്ട് നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു.

കുമളി:തേക്കടിയില്‍ നിന്നും ഒന്‍പത് കിലോമറ്റര്‍ അകലെയുള്ള മുരുക്കടിയിലാണ് കേസിലെ പ്രധാനപ്പെട്ട തട്ടിപ്പുകാരിലൊരാളെന്ന് കണ്ടെത്തിയ കരുവന്നൂര്‍
ബാങ്കിലെ കമ്മീഷന്‍ ഏജന്റായ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി
ആനത്തുപറമ്പില്‍ എ.കെ ബിജോയി പേരില്‍ രണ്ടര ഏക്കറോളം സ്ഥലം വാങ്ങിയത്. ഇവിടെ കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി 2014ല്‍ കുമളി ഗ്രാമ പഞ്ചായത്തില്‍ നിന്നും ബിജോയി സമ്പാദിച്ചിരുന്നു. തേക്കടി റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിച്ച്
റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായാണ് ബിജോയിയുടെ നേതൃത്വത്തില്‍ സ്ഥലം
വാങ്ങിയത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ബിജോയി. പതിനെട്ടര കോടിയോളം രൂപ ചിലവഴിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ബിജോയിയും കൂട്ടരും
പദ്ധതിയിട്ടിരുന്നത്.

ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്നരക്കോടി രൂപ ഉപയോഗിച്ചുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കുമളി സ്വദേശിയായ കരാറുകാരനാണ്
നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന്. ഇതില്‍ 18 ലക്ഷം രൂപ കരാറുകാരന്
ഇനിയും ലഭിക്കാനുണ്ട്. ആയുര്‍വ്വേദ ഹോസ്പിറ്റല്‍ അടക്കമുള്ള ആധുനിക
രീതിയിലുള്ള റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനാണ് മുരുക്കടിയിലുള്ള സ്ഥലം
ഇവര്‍ വാങ്ങിയത്. മൂന്നു പേരില്‍ നിന്നുമാണ് ബിജോയി രണ്ടര ഏക്കറോളം സ്ഥലം
വാങ്ങിയത്. കുമളി പഞ്ചായത്തിലെ പത്തുമുറി വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ
സ്ഥലം ഈ പ്രദേശത്തെ ഏറ്റവും മനോഹരമാണ് കുന്നിന്‍ പ്രദേശമാണിവിടം.

2017 ല്‍ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും രണ്ട് വര്‍ഷം മുമ്പ് പണി നിലയിക്കുകയായിരുന്നു. ബാങ്കില്‍ സാമ്പത്തിക
പ്രതിസന്ധി ആരംഭിച്ചതോടെ പണം വരവ് നിലച്ചതിനാലാണ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്നാണ്
ഒടുവില്‍ക്കിട്ടുന്ന വിവരം.  സംഭവം സംബന്ധിച്ച് സംസ്ഥാന ക്രൈം ബ്രാഞ്ചിന്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം മുരുക്കടിയിലെ രണ്ടര ഏക്കര്‍ വസ്തു
ഈടു നല്‍കി കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടോയെന്ന
കാര്യവും അന്വേഷിക്കുന്നുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈടു നല്‍കിയുമാണ്
വന്‍കിട വായ്പകള്‍ അനുവദിച്ചത് എന്നാണ് വിവരം. വായ്പകള്‍ നല്‍കുന്നതിന്
പത്ത് ശതമാനം വരെ കമ്മീഷന്‍ ഈടാക്കിയിരുന്നുവെന്നും ഈ പണം ഉപയോഗിച്ചാണ്
തേക്കടിയിലെ റിസോര്‍ട്ടിന് പണം ശേഖരിച്ചതെന്നും ആരോപണം
ഉയര്‍ന്നിട്ടുണ്ട്.

error: Content is protected !!