September 13, 2026

കുമളി പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കുമളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോവിഡ് കാലത്ത് കോവിഡ് ബാധിച്ച് വീടുകളിലും, സി.എഫ്.എല്‍.ടി.സി., ഡി.സി.സി. എന്നിവടങ്ങളിലും നീരീക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ ഒക്‌സിജന്‍ പള്‍സ് അളവുകള്‍ പരിശോധിക്കുന്നതിനായി പള്‍സ് ഒക്‌സി മീറ്ററുകള്‍ വാങ്ങി വാര്‍ഡുകളില്‍ നാലെണ്ണം വീതവും നീരീക്ഷണത്തില്‍ കഴിയുന്ന ഇടങ്ങളിലേക്ക് കുറച്ചെണ്ണവും കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ വാങ്ങി നല്‍കിയവയില്‍ പലതും പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങളാണെന്നാണ് യു.ഡി.ഫ്. അംഗങ്ങള്‍ ആരോപിച്ചത്. കൂടാതെ 500 രൂപ മാത്രം വില വരുന്നവയാണ് 1100 രൂപ വിലയില്‍ 100 എണ്ണം പഞ്ചായത്ത് വാങ്ങിയത്. ഇത് ഭീമമായ സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള ശ്രമമായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആളുകള്‍ക്ക് സൗകര്യാര്‍ഥം അതാത് വാര്‍ഡുകളില്‍ വാക്‌സിന്‍ ക്യാമ്പ് നടത്താന്‍ ആരോഗ്യ വിഭാഗം തയാറായിട്ടും ഭരണസമിതി അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് ഇത് അട്ടിമറിച്ചുവെന്ന് പഞ്ചായത്ത മെമ്പര്‍ റോബിന്‍ കാരക്കാട്ട് പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്നും യു.ഡി.എഫ്. അംഗങ്ങളെ ഒഴിവാക്കിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കമ്മിറ്റിയില്‍ വാക്കേറ്റമുണ്ടായി.
പഞ്ചായത്ത് ഒഓഫീസിന് മുമ്പില്‍ നടന്ന കുത്തിയിരിപ്പ് പ്രതിഷേധം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എംഎം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി റഹിം, ബിജു ദാനിയേല്‍, പ്രസാദ് മാണി, പഞ്ചായത്ത് മെമ്പറുമാരായ റോബിന്‍ കാരയ്ക്കാട്ട,് ഷൈലജ ഹൈദ്രോസ്, മണിമേഘല, സുലു മോള്‍, ജീസ് ബിനോയി, ജയമോള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!