September 12, 2026

ചിന്നമ്മ കൊലപാതക കേസില്‍ ഭര്‍ത്താവ് ജോര്‍ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി.

കട്ടപ്പന: ചിന്നമ്മ കൊലപാതക കേസില്‍ ഭര്‍ത്താവ് ജോര്‍ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി. ലാബ് അവധിയായതിനാല്‍ തിയതി തീരുമാനിച്ചിട്ടില്ല. നേരത്തെ നുണ പരിശോധനയോട് സഹകരിക്കുമെന്ന് ജോര്‍ജ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചിന്നമ്മയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് 2 മാസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച്‌ സൂചന പോലുമില്ലാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലോക്ക്ഡൗണില്‍ ചോദ്യം ചെയ്യലും നിലച്ചു. ചിന്നമ്മയുടെ ശരീരത്തില്‍ നിന്ന് കാണാതായ 4 പവന്‍ സ്വര്‍ണാഭരണങ്ങളും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ മുഖ്യമന്ത്രി, ഡി.ജി.പി.തുടങ്ങിയവര്‍ക്ക് പരാതി നല്‍കി.
കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ (65) യെ ഏപ്രില്‍ എട്ടിന് പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞത്. ഭര്‍ത്താവ് ജോര്‍ജാണ് ചിന്നമ്മയുടെ ശരീരത്ത് ഉണ്ടായിരുന്ന 4 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് മൊഴി നല്‍കിയത്. തുടര്‍ന്ന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ മുറ്റത്തും പുരയിടത്തിലും ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോറന്‍സ് സംഘവും വിരലടയാള വിദഗ്ദ്ധരും നടത്തിയ പ്രാഥമിക പരിശോധനയില്‍ പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളില്‍ കയറിയതായുള്ള തെളിവുകളും കണ്ടെത്താനായില്ല. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ കവര്‍ച്ച നടന്നതായും സംശയിക്കാനാകില്ല. മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് സംശയിക്കത്തക്ക തെളിവുമില്ല. ചിന്നമ്മയുടെ ശരീരത്തില്‍ മുറിവുകളോ മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ല. ചിന്നമ്മയുടെ മൃദേഹം കണ്ടെത്തിയ മുറിയുടെ തറയില്‍ സോപ്പ്‌പൊടി വിതറിയിരുന്നതായി കണ്ടെത്തിയിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാര്‍, സി.ഐ വി. ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണ സംഘം 70ല്‍പ്പരം പേരെ ഇതിനോടകം ചോദ്യം ചെയ്തു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പരിശോധിച്ചു. ജോര്‍ജിനെ പലതവണയായി 20 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.

error: Content is protected !!