September 11, 2026

ഓണക്കാലം: അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി

IMG-20260821-WA0015

കുമളിയിൽ 24 മണിക്കൂറും പ്രത്യേക സ്ക്വാഡിന്റെ പരിശോധന; പാൽ, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകൾ പരിശോധിക്കും

ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന മായം കലർന്ന ഭക്ഷ്യവസ്തുക്കൾ തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഇടുക്കിയിലെ കേരള–തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിന്റെ പരിശോധന ആരംഭിച്ചു. ഓഗസ്റ്റ് 25 വരെ പരിശോധന തുടരും.

ഓണക്കാലത്ത് പാൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന കർശനമാക്കിയത്. അതിർത്തി കടന്നെത്തുന്ന പാലിൽ മനുഷ്യശരീരത്തിന് ഹാനികരമായ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്നത് പ്രധാനമായും പരിശോധിക്കും. പാലിന് പുറമെ പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കും.

കുമളി ചെക്ക് പോസ്റ്റിൽ പ്രവർത്തനം ആരംഭിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലാണ് സാമ്പിളുകളുടെ പ്രാഥമിക പരിശോധന നടക്കുന്നത്. പരിശോധനാഫലങ്ങളും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും ദിവസേന വൈകുന്നേരം സർക്കാരിന് കൈമാറും.

നിലവിൽ പ്രതിദിനം ഏകദേശം മൂന്നര ലക്ഷം ലിറ്റർ പാലാണ് വിവിധ മാർഗങ്ങളിലൂടെ കേരളത്തിലെത്തുന്നത്. ഓണക്കാലത്ത് പാലിന്റെ വരവ് ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ മായം കലർന്ന പാൽ വൻതോതിൽ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന ശക്തമാക്കിയത്.

മധ്യകേരളത്തിലേക്ക് ഏറ്റവും കൂടുതൽ പാൽ എത്തുന്ന ഇടുക്കിയിലെ കുമളി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന തുടരുകയാണ്.

കുമളിയിൽ ആരംഭിച്ച പ്രത്യേക പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം പീരുമേട് എംഎൽഎ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ് അധ്യക്ഷത വഹിച്ചു.

ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണർ സി. ആർ. രൺദീപ്, അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി. ജോസഫ്, പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. മിഥുൻ, ഇടുക്കി ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, ടെക്നിക്കൽ അസിസ്റ്റന്റ് ഫൗസിയ കെ. യൂസഫ്, കെ.എച്ച്.ആർ.എ. സെക്രട്ടറി സാജു ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!