September 12, 2026

ഇടുക്കിയിൽ സ്ത്രീകൾക്ക് നേരെ ആക്രമണം; ഡി.സി.സി അംഗത്തിന്റെ നേതൃത്വത്തിൽ സംഘർഷം

ഇടുക്കി: ജില്ലയിലെ രാജകുമാരി കുംഭപ്പാറയിൽ സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നതായി പരാതി. കോൺഗ്രസ് ഡി.സി.സി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
വഴിതർക്കത്തെ തുടർന്നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ രാത്രിയിൽ സ്ത്രീകൾ താമസിക്കുന്ന വീടിന് സമീപം എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട്, പ്രദേശവാസികളായ മഠത്തിശ്ശേരി രാജു, രാജുവിന്റെ മക്കളായ ടിനോയി, ടിന്റു എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
കുംഭപ്പാറ മണപ്പാടൻമുറിയിൽ താമസിക്കുന്ന സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, അയൽവാസി ബിന്ദു, ബിന്ദുവിന്റെ മകൾ കൃഷ്ണപ്രിയ എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ ഇവർ രാജാക്കാട്യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ബിന്ദുവിന്റെ വീടിന് സമീപം എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഷാജി സ്ഥാപിച്ചിരുന്ന ഗേറ്റ് ഇളകിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നും വിവരം ലഭിക്കുന്നു.
സംഭവത്തിൽ രാജാക്കാട് പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!