September 12, 2026

കുമളിയിൽ മക്കളുപേക്ഷിച്ച അന്നക്കുട്ടി മാത്യുവിന് നാടിൻ്റെ അന്ത്യാജ്ഞലി. സംസ്ക്കാര ചടങ്ങിൽ ഇടുക്കി ജില്ല കളക്ടറും, സബ് കളക്ടറുമടക്കം നിരവധി പേർ പങ്കെടുത്തു. മക്കൾക്കെതിരെ നിയമ നടപടി എടുക്കുമെന്ന് ജില്ല കളക്ടർ…

കുമളി: സ്വന്തം മക്കള്‍ നോക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അസുഖ ബാധിതയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങിയ അന്നക്കുട്ടി മാത്യൂ(76)വിന് അന്ത്യയാത്ര ഒരുക്കാന്‍ ഒരു നാട് തന്നെ ഒരുമിച്ചു. നാട്ടുകാര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , സബ്കളക്ടര്‍ അരുണ്‍ എസ്. നായര്‍ ഉള്‍പ്പടെയുള്ളവര്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചപ്പോള്‍ അട്ടപ്പള്ളം സെയ്ന്റ്. തോമസ് പള്ളിയുടെ അങ്കണം ജന സാഗരമായി.
വാടക വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടിക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിട്ടും മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയില്‍ വെള്ളിയാഴ്ച കുമളി പോലീസ് വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ഒടിഞ്ഞ വലതുകൈയ്യുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെയാണ്. തുടര്‍ന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. മക്കള്‍ അന്നക്കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാകാതെ വന്നതോടെ ജില്ലാഭരണകൂടം ഈ വിഷയത്തില്‍ ഇടപെട്ടു. പോസ്റ്റുമോര്‍ട്ടം നടത്തി
ഞായറാഴ്ച വൈകീട്ട് നാലരയോടെ കോട്ടയം മെഡിക്കല്‍ നിന്നുള്ള ആംബുലന്‍സ് കുമളി പൊതുവേദിയിലെത്തി. പത്ത് മിനിറ്റോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം. അട്ടപ്പള്ളം പള്ളിയിലേക്ക് കൊണ്ടുപോയി. നാട്ടുകാരും പൊതു പ്രവര്‍ത്തകരും അടക്കം വലിയ ജനാവലിയാണ് പള്ളിയിലേക്കെത്തിയത്.
സംസ്‌കാര ചടങ്ങിന് മകന്‍ എത്തിയിരുന്നെങ്കിലും മകള്‍ ചടങ്ങുകളില്‍ നിന്നും വിട്ടു നിന്നു. അഞ്ചരയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അമ്മയെ സംരക്ഷിക്കാന്‍ താറാകാത്ത മക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു.

error: Content is protected !!