September 11, 2026

നേപ്പാൾ പ്രളയക്കെടുതി: മരണസംഖ്യ 350 കടന്നു; 288 ഇന്ത്യക്കാരെ കാണാതായി

Nepal

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 350 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

അതേസമയം, കൈലാസ് മാനസസരോവർ തീർഥാടനത്തിനായി നേപ്പാൾ മേഖലയിലെത്തിയ കേരളത്തിൽനിന്നുള്ളവരടക്കം 288 ഇന്ത്യൻ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ 33 പേർ കേരളത്തിൽനിന്നുള്ളവരാണ്. തമിഴ്നാട്ടിൽനിന്ന് 86 പേരും പശ്ചിമ ബംഗാളിൽനിന്ന് 32 പേരും ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരുമാണ് പട്ടികയിലുള്ളത്.

പ്രളയബാധിത മേഖലകളിൽ കുടുങ്ങിയ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. ഇവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.

അതിനിടെ, ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ തീർഥാടനത്തിന്റെ ഭാഗമായി എത്തിയ ഇരുന്നൂറോളം ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബീജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്നവരിൽ 95 പേർ ദാർച്ചനിലും മറ്റുള്ളവർ ജിലോങ് മേഖലയിലുമാണ് ഉള്ളത്. പ്രതികൂല കാലാവസ്ഥയും ഗതാഗത തടസ്സങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.

error: Content is protected !!