September 12, 2026

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

വണ്ടിപ്പെരിയാർ: പത്തനംതിട്ട ജില്ലയിലെ ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
യുവതിയുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടതാണെന്നാണ് പ്രതിയുടെ മൊഴി. ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ദൃക്‌സാക്ഷി നൽകിയ നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമളി–വള്ളക്കടവ് ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷി അറിയിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
ഇന്ന് രാവിലെ വീട്ടിൽ നിന്ന് അങ്കണവാടിയിലേക്ക് പോയ 32-കാരിയായ യുവതി ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഗവിയിലെ മീനാർ മൂന്ന് ഷെഡ് വളവിന് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

error: Content is protected !!