September 12, 2026

ആദിവാസി കുടുംബങ്ങൾ ഒത്തുകൂടി. ഇനി ഏഴ്നാൾ ഉത്സവമേളം. പെരിയാർ കടുവ സങ്കേതത്തിൻ്റെ ഉൾഭാഗമായ താന്നിക്കുടിയിലാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉത്സവം നടക്കുന്നത്.

കുമളി: കടുവയും ആനയും വന്യജീവികളും വിഹരിക്കുന്ന കാട്ടിനുള്ളിൽ ഭയലേശമില്ലാതെ ആദിവാസി കുടുംബങ്ങൾ ഒത്തുകൂടി. ഇനി ഏഴ്നാൾ ഉത്സവമേളം.
പെരിയാർ കടുവ സങ്കേതത്തിൻ്റെ ഉൾഭാഗമായ താന്നിക്കുടിയിലാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉത്സവം നടക്കുന്നത്.
കടുവ മുതൽ ആനയും കരടിയും പുലിയുമെല്ലാം കാണപ്പെടുന്ന വനപ്രദേശമാണ് താന്നിക്കുടി.തേക്കടി ബോട്ട്ലാൻറിംഗിൽ നിന്നും 25 കിലോമീറ്ററിലധികം അകലെയുള്ള ഉൾപ്രദേശം.ഇവിടേയ്ക്കാണ് ആദിവാസി കുടുംബങ്ങൾ ഉത്സവത്തിനും പൂജയ്ക്കുമായി പോയത്.
തേക്കടി ബോട്ട്ലാൻ്റിംഗിൽ നിന്നും വനം, കെ.ടി.ഡി.സി ബോട്ടുകളിലായിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 200 ലധികം വരുന്ന ആദിവാസികളാണ് കാട്ടിനുള്ളിൽ എത്തിയത്.
കാടിനുള്ളിൽ താത്ക്കാലിക ഷെഡ് ഒരുക്കിയാണ് ഇവരുടെ താമസം. നാട്ടിലെ ക്ഷേത്രങ്ങളിലെ പോലെ പൂജകളും വഴിപാടുകളും പ്രാർത്ഥനകളുമെല്ലാം ഏഴ് ദിവസങ്ങളിലായി നടക്കും.
കുമളി ആദിവാസി സെറ്റിൽമെൻ്റ് കോളനിയിൽ നിന്നുള്ള ചിന്ത്രാണ്ടി മൂപ്പൻ, ഒളിമന്നാൻ മൂപ്പൻ, അഞ്ചുസ്ഥാന മൂപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പൂജകളും വഴിപാടുകളും നടക്കുക.
അയ്യപ്പൻ, ദേവി, കറുപ്പുസ്വാമി വനദേവതകൾക്കായി പൂജ, പൊങ്കൽ, അടച്ചുട്ടെറിഞ്ഞുള്ള ആചാരവും ഉത്സവത്തിൻ്റെ ഭാഗമായി നടക്കും.
തേക്കടി തടാകത്തിൽ നിന്നും മത്സ്യങ്ങളും കാട്ടിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ചുമാണ് മന്നാൻ വിഭാഗത്തിലുള്ള ആദിവാസി കുടുംബങ്ങൾ ജീവിക്കുന്നത്.ഇവരിൽ പലർക്കും വനം വകുപ്പിൽ വാച്ചർ, ഗാർഡ് തസ്തികളിൽ ജോലിയും ഉണ്ട്.
ജീവിതം നൽകുന്ന കാടിന് ആദരം അർപ്പിക്കുകയും, അപകടങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും എല്ലാവർക്കും സംരക്ഷണം നൽകാൻ, കാട്ടിനുള്ളിലെത്തി പ്രാർത്ഥിക്കുകയുമാണ് ഒരാഴ്ചത്തെ ഉത്സവം വഴി ചെയ്യുന്നതെന്ന് ആദിവാസികൾ പറയുന്നു.

error: Content is protected !!