തേക്കടി റോയൽ ടൈഗേഴ്സ് ബുള്ളറ്റ് ക്ലബ് 15-ാം വാർഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു
കുമളി: പ്രശസ്ത ബൈക്കേഴ്സ് കൂട്ടായ്മയായ തേക്കടി റോയൽ ടൈഗേഴ്സ് ബുള്ളറ്റ് ക്ലബ്ബിന്റെ 15-ാം വാർഷികാഘോഷവും 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ക്ലബ് ഓഫീസിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് രമേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വിനോദ് പാറയിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രാമചന്ദ്രൻ അവതരിപ്പിച്ച വരവ് ചെലവ് കണക്കുകൾ അംഗങ്ങൾ ഐകകണ്ഠ്യേന അംഗീകരിച്ചു. നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ക്ലബ്ബ്, വരും വർഷങ്ങളിലും വിപുലമായ സേവന പദ്ധതികൾ നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ഡി. സതീഷ് കുമാർ (റെയ്ഞ്ചർവുഡ്)
വൈസ് പ്രസിഡന്റ്: സാജൻ മുക്കുങ്കൽ
ജനറൽ സെക്രട്ടറി: ജിൻസ് ടെക്നോ
ട്രഷറർ: രമേഷ് കൃഷ്ണൻ
ജോയിന്റ് സെക്രട്ടറി: രാമചന്ദ്രൻ എന്നിവരെ പുതിയതായി തിരഞ്ഞെടുത്തു.
യുവജനങ്ങളിലും കുട്ടികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളിലൂടെയും മോട്ടിവേഷൻ ക്ലാസ്സുകളിലൂടെയും അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള ശക്തമായ ബോധവൽക്കരണ പരിപാടികൾ ഈ വർഷം സംഘടിപ്പിക്കുമെന്ന് മറുപടി പ്രസംഗത്തിൽ പ്രസിഡന്റ് ഡി. സതീഷ് കുമാർ അറിയിച്ചു.
ജനറൽ സെക്രട്ടറി ജിൻസ് ടെക്നോ യോഗത്തിന് നന്ദി രേഖപ്പെടുത്തി.പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർഷിപ്പ് ക്യാമ്പയിനും ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
