വെള്ളാപ്പള്ളി നടേശനെതിരായ അപവാദ പ്രചാരണം: കുമളിയിൽ പീരുമേട് യൂണിയന്റെ പ്രതിഷേധമിരമ്പി
കുമളി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ കുമളിയിൽ കൂറ്റൻ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസും ചില മാധ്യമങ്ങളും ചേർന്ന് ആസൂത്രിതമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഹോളിഡേ ഹോം പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരും ഭാരവാഹികളും പോഷകസംഘടന നേതാക്കളും അണിനിരന്നു. പ്രകടനം കുമളി ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു ഉദ്ഘാടനം ചെയ്തു.
”വെള്ളാപ്പള്ളി നടേശനെതിരായ അടിസ്ഥാനരഹിതമായ അപവാദ പ്രചാരണങ്ങൾ ഇനിയും തുടർന്നാൽ ശക്തമായ തിരിച്ചടി നൽകും,” എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.
എസ്എൻഡിപി യോഗം പീരുമേട് യൂണിയൻ ആക്റ്റിംഗ് പ്രസിഡന്റ് പി.കെ. രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ പി.കെ. സന്തോഷ്, പി.എസ്. ചന്ദ്രൻ, പി.കെ. ഗോപി, സദൻ രാജൻ, സിന്ധു വിനോദ്, അമ്പിളി സുകുമാരൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. യോഗത്തിന് ശേഷം അപവാദ പ്രചാരണം നടത്തുന്നവരുടെ കോലം പ്രതീകാത്മകമായി കത്തിച്ചാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
