ഇടുക്കി നാരകക്കാനത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു.അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇടുക്കി നാരകക്കാനത്തിന് സമീപം അപകടമുണ്ടായത്. കാൽവരി മൗണ്ട് സന്ദർശിച്ച ശേഷം നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്നു സംഘം. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. വലിയൊരു ദുരന്തം ഒഴിവാക്കാനായി ഡ്രൈവർ മനഃസാന്നിധ്യം വീണ്ടെടുത്ത് വാഹനം സമീപത്തെ തിട്ടയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ ഇരുപതോളം യാത്രക്കാരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
