കുമളി മുരിക്കടിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 18 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
കുമളി: മൂന്നാറിൽ നിന്നും കുമളിയിലേക്ക് വരികയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ടു മറിഞ്ഞു. കുമളി-അടിമാലി ദേശീയപാതയിൽ മുരിക്കടി മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട വാഹനം തിട്ടയിലിടിച്ച് നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ഇതിനിടെ റോഡിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.
അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്ന ഹരിതകർമ്മ സേനാംഗങ്ങളും ക്ലീൻ കുമളി ജീവനക്കാരും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിനുള്ളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ പുറത്തെടുത്ത് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.
കുമളി പഞ്ചായത്തിന്റെ മുരിക്കടിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
