’ആരോഗ്യം ആനന്ദം’: കുമളിയിൽ വൈബ് 4 വെൽനസ് ക്യാമ്പയിന് ആവേശകരമായ തുടക്കം
കുമളി: ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ്’ (VIBE 4 WELLNESS) ക്യാമ്പയിന് കുമളിയിൽ തുടക്കമായി. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല സുംബ ഡാൻസ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവ്വഹിച്ചു.
പൊതുജനങ്ങളുടെ ജീവിതശൈലിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി, പ്രായാനുസൃതമായ വ്യായാമം, കൃത്യമായ ഉറക്കം, കൃത്യനിഷ്ഠയോടെയുള്ള ആരോഗ്യ പരിപാലനം എന്നിവ ജനകീയമാക്കുന്നതിലൂടെ രോഗമില്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം മാനസികോല്ലാസവും നൽകുന്ന സുംബ ഡാൻസ് പരിശീലനത്തിന് മികച്ച പ്രതികരണമാണ് പഞ്ചായത്ത് തലത്തിൽ ലഭിക്കുന്നത്. വ്യായാമം എന്നത് ഒരു ഭാരമായി കാണാതെ ആസ്വദിച്ചു ചെയ്യാവുന്ന ഒരു ശീലമാക്കി മാറ്റാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സാറ ആൻ ജോർജ്,ഹെൽത്ത് ഇൻസ്പെക്ടർ മാടസ്വാമി പി, സീനിയർ ചേമ്പർ ഇൻറർനാഷണൽ യൂണിറ്റ് പ്രസിഡൻറ് ഓ ചെറിയാൻ, ആശാ പ്രവർത്തകർ, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വാർഡുകളിൽ നിന്നുള്ള ജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ ബോധവൽക്കരണ പരിപാടികളും വ്യായാമ ക്ലാസുകളും നടക്കും.
