തേക്കടിയിൽ 120 സീറ്റുകളുള്ള പുതിയ ബോട്ടുമായി കെടിഡിസി.
കുമളി: അന്തരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിൽ വിനോദ സഞ്ചാരികൾക്കായി പുതിയ ബോട്ട് ഇറക്കാനുള്ള നടപടികളുമായി കെടിഡിസി(കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ). അവധി ദിവസങ്ങളിൽ തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾ ബോട്ടിങ് ലഭിക്കാതെ മടങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് പുതുവത്സരത്തോടനുബന്ധിച്ചാണ് ഇത്തരത്തിലുള്ള നീക്കവുമായി കെടിഡിസി എത്തിയിരിക്കുന്നത്. 120 സീറ്റുകളുള്ള ബോട്ടിനുള്ള പ്രാരംഭ നടപടികൾ കിറ്റ്കോയുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപ മുതൽ മുടക്കുവരുന്ന ബോട്ടിന്റെ നിർമാണം ഏഴ് മാസത്തിനുള്ളിൽ പൂർത്തിയാക്കാന് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഓണത്തിനോടനുബന്ധിച്ചോ പൂജ അവധിക്കോ വിനോദ സഞ്ചാരികൾക്കായി ഈ ബോട്ടുകൂടി നീറ്റിലിറക്കി ബോട്ട് സവാരി വിപുലമാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ കെടിഡിസിയുടെ 22,120 സീറ്റിന്റെ രണ്ട് ബോട്ടുകൾ വനംവകുപ്പിന്റെ 60 സീറ്റിന്റെ രണ്ട് ബോട്ടുകൾ എന്നിവയാണ് സർവ്വീസ് നടത്തുന്നത്. ഒരു ദിവസം രണ്ടായിരത്തോളം പേർക്കാണ് കെടിഡിസിയുടെയും വനംവകുപ്പിന്റെയും ബോട്ട് സർവ്വീസ് ലഭിക്കുക. പുതിയ ബോട്ട് എത്തുന്നതോടെ ആളുകളുടെ എണ്ണം 2500 ലേക്ക് എത്തിക്കാനും സാധിക്കും. നിലവിൽ കെടിഡിസിയ്ക്ക് ബോട്ടിങ്ങിലൂടെ പ്രതിദിനം നാലരലക്ഷത്തോളം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. പുതിയ ബോട്ടുകൂടി എത്തുന്നതോടെ അഞ്ചര മുതൽ ആറ് ലക്ഷത്തിനടുത്ത് ബോട്ടിങ്ങിലൂടെ വരുമാനം കണ്ടെത്താന് കഴിയുമെന്ന പ്രതീക്ഷയിലാണ് കെടിഡിസി അധികൃതർ. 120 സീറ്റിന്റെ കെടിഡിസിയുടെ ഒരു ബോട്ട് കാലപ്പഴക്കത്താൽ ബോട്ട് സഞ്ചാരത്തിന് യോഗ്യമല്ലാതായത് തേക്കടി തടാകത്തില് ബോട്ടിങിനെത്തുന്നവരെ നിരാശരാക്കിയിരുന്നു.
